ഇന്ത്യക്ക് മുന്നില്‍ മുട്ടുമടക്കി; പാക്കിസ്ഥാന്‍ ഭീകര ക്യാമ്പുകള്‍ പൂട്ടി -VIDEO

Posted on: June 10, 2019 3:47 pm | Last updated: June 11, 2019 at 10:04 am

ശ്രീനഗര്‍: ബാലാക്കോട്ട് മിന്നലാക്രമണം ഉള്‍പ്പെടെ ഇന്ത്യയുടെ ശക്തമായ പ്രതിരോധത്തിന് മുന്നില്‍ മുട്ടുമടക്കി പാക്കിസ്ഥാന്‍. പാക് അധീന കാശ്മീരില്‍ സൈന്യത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്ന ഭീകരക്യാമ്പുകള്‍ പാക്കിസ്ഥാന്‍ അടച്ചുപൂട്ടി. മുസ്സാഫറാബാദ്, കോട്‌ലി സെക്ടറുകളില്‍ അഞ്ച് വീതവും ബര്‍നാലയില്‍ ഒരു ക്യാമ്പും ഉള്‍പ്പെടെ 11 ഭീകര ക്യാമ്പുകളാണ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.

കോട്‌ലി, നികിയാല്‍ മേഖലകളില്‍ ലഷ്‌കറെ ത്വയ്ബയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. പാല, ബാഗ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ക്യാമ്പുകളും കോട്‌ലിയിലെ ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പും അടച്ചുപൂട്ടിയവയില്‍ പെടും. മുസാഫറാബാദ്, മീര്‍പൂര്‍ എന്നിവിടങ്ങള്‍ക്ക് സമീപമുള്ള ക്യാമ്പുകളും പൂട്ടിയതായി രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ബാലാകോട്ട് മിന്നലാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയുടെയും മറ്റു രാജ്യങ്ങളുടെ ശക്തമായ സമ്മദര്‍ദമാണ് ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ബാലാകോട്ട് മിന്നലാക്രമണത്തിന് ശേഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.