ആദ്യ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; മണിക്കൂറുകൾക്കുള്ളിൽ ദാരുണാന്ത്യം

Posted on: June 10, 2019 12:31 pm | Last updated: June 10, 2019 at 12:31 pm

പാലക്കാട്: ആദ്യ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സുബൈറിനെയും സംഘത്തെയും ആ നിമിഷം മുതൽ മരണം പിന്തുടർന്നിട്ടുണ്ടാവണം. അതുകൊണ്ടാവും അമ്പതടി കൊക്കയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സംഘം മണിക്കൂറുകൾക്കുള്ളിൽ വീണ്ടുമൊരു അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

ശനിയാഴ്ച നെല്ലിയാമ്പതിയിൽ വിനോദയാത്രക്കായി എത്തിയ അഞ്ചംഗ സംഘത്തിന്റെ കാർ ഇന്നലെ രാവിലെ ഒമ്പതോടെയാണ് മരപ്പാലത്തിന് സമീപം അമ്പതടി കൊക്കയിലേക്ക് വീണത്. ഓങ്ങല്ലൂർ വാടാനാംകുറിശ്ശി വെളുത്തേരിയിൽ ഹുസൈനാരുടെ മകൻ സുബൈർ, സഹോദരൻ നാസർ, വെളുത്തേരിയിൽ ബഷീർ മകൻ ഫവാസ്, വെട്ടിക്കാട്ടിൽ മന്ദിയിൽ വീട്ടിൽ യൂസഫ് മകൻ ഉമ്മർഫറൂഖ്, സഹോദരൻ ശാഫി എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടവർ നെന്മാറയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടുകയായിരുന്നു. കൈകാലുകൾക്ക് പൊട്ടലുണ്ടോ എന്നറിയാൻ സ്‌കാനിംഗിനായി ഇവരെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഞായറാഴ്ചയായതിനാൽ നഗരത്തിൽ ആംബുലൻസുകളുടെ സേവനം ലഭ്യമായിരുന്നില്ല. അതിനാൽ അൽപ്പം കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പ് മടങ്ങി വരാത്ത ഒരു യാത്രയിലേക്കുള്ളതായിരുന്നു.

അമിതമായി മദ്യപിച്ചതിനെ തുടർന്ന് അവശനിലയിലായ അയിലൂർ തലവെട്ടാമ്പാറ പുഴക്കൽ വീട്ടിലെ രവിയുടെ മകൻ നിഖിലിനെ ഉച്ചക്ക് ഒന്നോടെയാണ് ബന്ധുക്കളും അയൽവാസികളുമായ വൈശാഖും ശിവനും ചേർന്ന് നെന്മാറ ആശുപത്രിയിലെത്തിച്ചത്. പ്രഥാമിക ചികിത്സക്ക് ശേഷം നിഖിലിനെയും ജില്ലാ ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിനായി കാത്തിരിക്കുകയായിരുന്ന സുബൈറും കൂട്ടരും നിഖിലിന്റെ ആംബുലൻസിൽ കയറി യാത്ര തുടർന്നു. മണിക്കൂറുകൾക്കകം അപകടം ഡ്രൈവർ സുധീറിന്റെതടക്കം എട്ട് പേരുടെയും ജീവനെടുക്കുകയും ചെയ്തു. കൊടുവായൂർ പാലക്കാട് പാതയിൽ തണ്ണിശ്ശേരിക്ക് സമീപമായിരുന്നു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്.