Connect with us

Kozhikode

ഓട്ടോറിക്ഷകളും ഇനി വിരൽതുമ്പിൽ

Published

|

Last Updated

കോൾ ഓട്ടോ ആപ്പിന്റെ ലോഞ്ചിംഗ് ഹോട്ടൽ റാവിസിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, സിനിമാതാരം ടൊവിനോ തോമസ്, വിനോദ് കോവൂർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: യൂബറിനും ഓലക്കും പിന്നാലെ ഓട്ടോറിക്ഷകളും ഇനി വിരൽതുമ്പിൽ. കോൾ ഓട്ടോ എന്ന പുതിയ ആപ്ലിക്കേഷൻ പുറത്തിറങ്ങി.
കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഈ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷകൾ ബുക്ക് ചെയ്യാനാകും. ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് കോഴിക്കോട് റാവിസ് ഹോട്ടലിൽ നടന്നു. ഇതിലൂടെ യാത്രക്കാരന് ഏറ്റവും അടുത്തുള്ള ഓട്ടോയെ നിമിഷങ്ങൾക്കകം ബുക്ക് ചെയ്യാം.

ആപ്പിൽ ഏരിയ അടിസ്ഥാനത്തിൽ ഓട്ടോയെ വേർതിരിച്ച് അറിയാനാകും. മാത്രമല്ല, യാത്രാകൂലിയും ദൂരവും നേരത്തേ അറിയാനാകും. ബുക്ക് ചെയ്താൽ ആപ്പിലൂടെ ഓട്ടോയുടെ വിവരങ്ങളെല്ലാം ലഭിക്കും. ഒരു നിശ്ചിത സമയത്തേക്കോ മുൻകൂട്ടിയോ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. യാത്രക്കാരൻ എവിടെയെത്തി എന്നറിയാനുള്ള സംവിധാനവും ഉണ്ട്. പോലീസിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാനുള്ള എമർജൻസി സംവിധാനവും ഇതിൽ ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.

ആപ്പ് ഉപയോഗിക്കുന്നതിന് പ്രത്യേകം പണച്ചെലവില്ല. സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. നില വിലെ ഔദ്യോഗിക നിരക്കിൽ തന്നെ യാത്ര ചെയ്യാം. ആപ്പിൽ രജിസ്റ്റർ ചെയ്യുന്ന ഓട്ടോ ഡ്രൈവറിൽ നിന്ന് പ്രതിവർഷം 840 രൂപ ഈടാക്കും. ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ ഡ്രൈവർക്ക് നൽകും.

സംസ്ഥാനമൊട്ടാകെ കോൾ ഓട്ടോ സംവിധാനം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ എ കെ ശശികുമാർ അധ്യക്ഷത വഹിച്ചു. നടൻ വിനോദ്‌ കോവൂർ, ടൊവിനോ തോമസ്, മേയർ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. കോൾ ഓട്ടോ സി ഇ ഒ. സി കെ ഇർഷാദ്, ടെക്‌നിക്കൽ ഓഫീസർ അനീം കോമാച്ചി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest