യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്; മാധ്യമ പ്രവര്‍ത്തകനെതിരെ കേസെടുത്തു

Posted on: June 9, 2019 11:01 am | Last updated: June 9, 2019 at 12:55 pm

ലക്‌നൗ: യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തി പോസ്റ്റിട്ട മാധ്യമ പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രശാന്ത് കനോജ്യ എന്നയാള്‍ക്കെതിരെയാണ് ഹസ്‌റത്ഗഞ്ച് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സന്ദേശമയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിനു പുറത്തുവച്ച് ഒരു സ്ത്രീ വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരോട് പറയുന്ന വീഡിയോ കനോജ്യ ട്വിറ്ററിലും ഫേസ് ബുക്കിലും പോസ്റ്റ് ചെയ്യുകയായിരുന്നു.

അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കുള്ള ഐപിസി സെക്ഷന്‍ 500, സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്യുന്നതിനുള്ള ഐ ടി നിയമത്തിലെ 66ാം വകുപ്പ് എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്ന് ലക്‌നൗ സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നയ്താനി പറഞ്ഞു. അന്വേഷണം നടന്നുവരികയാണെന്നും കനോജ്യയെ കൂടാതെ മറ്റു ചിലരെക്കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.