കുട്ടികള്‍ക്കെതിരായ ക്രൂരത തുടരുന്നു; അലിഗഢിന് പിറകെ ഉജ്ജയിനില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Posted on: June 8, 2019 8:52 pm | Last updated: June 8, 2019 at 11:15 pm

ഭോപ്പാല്‍: അലിഗഢില്‍ രണ്ടര വയസുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിറകെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത. ഭോപ്പാലിലെ ഉജ്ജയിനിലാണ് അഞ്ച് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന കുട്ടിയുടെ മൃതദേഹം ഷിപ്ര നദിയില്‍നിന്നുമാണ് കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ പിടികൂടാന്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട് സച്ചിന്‍ അതുല്‍ക്കര്‍ പറഞ്ഞു. അലഗഢില്‍ കഴിഞ്ഞ ദിവസമാണ് പണത്തെച്ചൊല്ലി രണ്ടര വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കണ്ണുകള്‍ ചൂഴ്‌ന്നെടുക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതിന് പിറകെയാണ് ഉജ്ജയിന്‍ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.