ബാലഭാസ്‌കറിന്റെ മരണം: അപകട സമയം കാര്‍ ഓടിച്ചത് അര്‍ജുനെന്ന് പ്രകാശ് തമ്പിയുടെ മൊഴി

Posted on: June 8, 2019 5:07 pm | Last updated: June 8, 2019 at 8:26 pm

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിക്കാനിടയായ അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പിയുടെ മൊഴി. കാക്കനാട് ജയിലില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു.

ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നുവെന്നും പ്രകാശ് തമ്പി സമ്മതിച്ചു. ആശുപത്രിയില്‍ കിടക്കുമ്പോള്‍ താനാണ് വണ്ടി ഓടിച്ചതെന്ന് അര്‍ജുന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് മൊഴി മാറ്റി. ഇതിന് ശേഷം അര്‍ജുനനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ആരാണ് വണ്ടി ഓടിച്ചത് എന്ന് കണ്ടെത്തുവാനായി കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ അതില്‍ നിന്ന് ഒന്നും ലഭിച്ചില്ലെന്നും തമ്പി മൊഴി നല്‍കി.

ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടൊന്നും ഇല്ലെമ്പ് തമ്പി മൊഴിയില്‍ പറയുന്നു. ബാലഭാസ്‌കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിട്ടുണ്ട്. ബാലഭാസ്‌കറിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ എല്ലാം ഭാര്യയ്ക്ക് തിരികെ നല്‍കിയതായും ഇയാള്‍ മൊഴിയില്‍ പറയുന്നു.