ദുബൈ ബസപകടം: ജമാലുദ്ദീന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു ഖബറടക്കി

Posted on: June 8, 2019 12:53 pm | Last updated: June 8, 2019 at 12:53 pm

കൊച്ചി: ദുബൈയില്‍ എട്ട് മലയാളികള്‍ അടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസപകടത്തില്‍പെട്ട തൃശൂര്‍ സ്വദേശി അരക്കാ വീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു. ശനിയാഴ്ച രാവിലെ എട്ട് മണിക്ക് എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലാണ് മയ്യിത്ത് എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജന്മനാടായ തളിക്കുളത്തേക്ക് കൊണ്ടുപോയി ഖബറടക്കി. അപകടത്തില്‍ മരിച്ച മറ്റു മലയാളികളുടെ മൃതദേഹങ്ങളും വൈകാതെ നാട്ടിലെത്തിക്കും. ഇതിനായി നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്.

വ്യാഴാഴ്ച വൈകീട്ട് ശൈഖ് സാഇദ് റോഡിലാണ് ബസ് അപകടത്തില്‍പെട്ടത്. ഒമാനില്‍ ഈദ് അവധി ആഘോഷിക്കാന്‍ പോയി മടങ്ങിയ സംഘം സഞ്ചരിച്ച ബസ് റോഡിന് കുറുകെയുള്ള സൈന്‍ബോര്‍ഡില്‍ ഇടിച്ചായിരുന്നു അപകടം.

തലശേരി സ്വദേശികളായ ഉമ്മര്‍ ചോനക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ ചോനക്കടവത്ത്, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശി കിരണ്‍ ജോണി വള്ളിത്തോട്ടത്തില്‍, വാസുദേവന്‍, കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍ കാര്‍ത്തികേയന്‍, രാജന്‍, തിലകന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മറ്റു മലയാളികള്‍.