കർണാടകയിൽ മഴ പെയ്യിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യാഗം

Posted on: June 8, 2019 9:54 am | Last updated: June 8, 2019 at 9:54 am

ബെംഗളൂരു: വരൾച്ച രൂക്ഷമായി തുടരുന്ന കർണാടകയിൽ മഴ പെയ്യിക്കാൻ ജലവിഭവ മന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ യാഗ കർമം. ചിക്ക്മംഗളൂരുവിലെ ഋഷ്യശ്യംഗേശ്വര ക്ഷേത്രത്തിലാണ് മഴ പെയ്യിക്കാൻ പ്രത്യേക പ്രജന്യ പൂജ നടത്തിയത്. മതപുരോഹിതരുടെ സാന്നിധ്യത്തിൽ ഇന്നലെ പുലർച്ചെയാണ് പൂജ നടന്നത്.
കര്‍ണാടകയിലെ 26 ജില്ലകൾ കൊടും വരൾച്ചയിലാണ്. കുടിവെള്ളം പോലും ലഭിക്കാതെ രൂക്ഷ പ്രതിസന്ധിയാണീ സ്ഥലങ്ങളിൽ അനുഭവിക്കുന്നത്. 20 ലക്ഷം ഏക്കറിനടുത്ത് കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
പല ജില്ലകളും വരൾച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി, കൃഷ്ണരാജ സാഗർ, കബനി, ഹേമാവതി, ഹാരംഗി എന്നീ നദികളിലെ ജല നിരപ്പ് കുറവാണ്.

9.19 ഘനയടി വെള്ളം തമിഴ്‌നാട്ടിലെ മേട്ടൂർ ഡാമിലേക്ക് തുറന്ന് വിടണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവും ആഘാതമായിട്ടുണ്ട്. വെള്ളം ഇല്ലാത്ത സാഹചര്യത്തിൽ ഡാം തുറന്ന് വിടാൻ കഴിയില്ലെന്നതാണ് കർണാടകയുടെ നിലപാട്. “ഞങ്ങൾ നിയമങ്ങളും കോടതി വിധിയും ബഹുമാനിക്കുന്നു. എന്നാൽ, വെള്ളം ഉണ്ടെങ്കിൽ മാത്രമേ തമിഴ്‌നാടിന് വെള്ളം നൽകാൻ കഴിയൂ എന്ന് ഞങ്ങൾ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്’- ശിവകുമാർ പറഞ്ഞു.

പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരൾച്ച തടയാൻ സർക്കാർ നടപടികൾ പര്യാപ്തമല്ലെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് സർക്കാറിന്റെ യാഗ കർമം.

വരൾച്ച സർക്കാറിനെതിരെയുള്ള ആയുധമാക്കാനൊരുങ്ങുകയാണ് ബി ജെ പി. വരൾച്ചാ ബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്താൻ സംസ്ഥാന അധ്യക്ഷൻ ബി എസ് യെദ്യൂരപ്പ ഇന്നലെ മുതൽ സംസ്ഥാന തല യാത്ര തുടങ്ങി.

വരൾച്ച തടയുന്നതിലെ സർക്കാർ വീഴ്ച ചൂണ്ടിക്കാട്ടി 13, 14, 15 തീയതികളിൽ ബി ജെ പി എം പിമാർ ബെംഗളൂരുവിൽ പ്രതിഷേധ സമരം നടത്തുന്നുണ്ട്.