ഹജ്ജ് ക്യാമ്പ് ജൂലൈ ആറിന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: June 8, 2019 8:59 am | Last updated: June 8, 2019 at 8:59 am

മലപ്പുറം: സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂർ ഹജ്ജ് ഹൗസിൽ ജൂലൈ ആറിന് തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ഹജ്ജ് വകുപ്പിന്റെ ചുമതലയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ അധ്യക്ഷത വഹിക്കും.
ജില്ലയിലെ എം പിമാർ, എം എൽ എമാർ തുടങ്ങിയവർ പങ്കെടുക്കും. ജൂലൈ ഏഴിന് രാവിലെ ആറിന് ആദ്യ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടും. മന്ത്രി ഡോ. കെ ടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും.

സൗഉദി എയർലൈൻസിന്റെ ആദ്യ വിമാനത്തിൽ 300 പേരാണ് യാത്രക്കാരായി ഉണ്ടാവുക. 13,250 പേരാണ് സർക്കാർ ക്വാട്ടയിൽ ഹജ്ജ് കർമത്തിനായി കേരളത്തിൽ നിന്ന് പോകുന്നത്. ഇതിൽ 10,800 പേരും കോഴിക്കോട് കരിപ്പൂർ എയർപോർട്ട് വഴിയാണ് പോകുന്നത്. ബാക്കിയുള്ളവർ കൊച്ചി എയർപോർട്ട് വഴിയാണ് യാത്ര പുറപ്പെടുക.

ഇതിന് പുറമെ ലക്ഷദ്വീപിൽ നിന്നുള്ള 343 ഹാദിമാരും കൊച്ചി എയർപോർട്ട് വഴി യാത്രയാകും. സൗഉദി എയർലൈൻസാണ് മുഴുവൻ യാത്രക്കാരെയും കൊണ്ടു പോകുന്നത്.

35 വിമാനങ്ങളിലായി ജൂലൈ 20 വരെയാണ് വിമാന സർവീസ് ഉണ്ടാവുക.
ഒരു ദിവസം രണ്ടും മൂന്നും തവണകളിലായി കരിപ്പൂരിൽ നിന്ന് ഹജ്ജ് യാത്രികർക്കായി വിമാന സർവീസ് ഉണ്ടാകും.