ലൈസന്‍സില്ലാതെ സ്വദേശി യുവതി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു;മൂന്ന് കുട്ടികളടക്കം നാല് മരണം

Posted on: June 7, 2019 8:41 pm | Last updated: June 7, 2019 at 8:41 pm

അബുദാബി: സ്വദേശി യുവതി ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളടക്കം നാല് മരണം. അബുദാബി അല്‍ ഫലാഹ് പ്രദേശത്ത് ചെറിയ പെരുന്നാള്‍ ദിനത്തിലായിരുന്നു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തിയ ദാരുണ അപകടം. 15 വയസുള്ള ആണ്‍കുട്ടിയും 12ഉം 11ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളും ഇവരുടെ പരിചാരകയുമാണ് അപകടത്തില്‍ പെട്ട മരിച്ചത്. മരിച്ച കുട്ടികളുടെ മാതാവായിരുന്നു അപകടത്തില്‍ കാറോടിച്ചിരുന്നത്. മാതാവിന്റെ അശ്രദ്ധയാണ് അപകട കാരണമെന്ന് അബുദാബി ട്രാഫിക് പോലീസ് അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമെ യുവതിക്ക് ഡ്രൈവിംഗ് ലൈസന്‍സില്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

പ്രദേശത്ത് അനുവദിക്കപ്പെട്ടതിലധികം വേഗത്തില്‍ ഓടിച്ച കാറിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത തൂണിലിടിച്ച് മറിയുകയായിരുന്നു. സംഭവത്തിന്റെ വെളിച്ചത്തില്‍ ലൈസന്‍സില്ലാതെ വാഹനമോടിച്ചാലുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസ് നിയമപരമായ മുന്നറിയിപ്പുകള്‍ ആവര്‍ത്തിച്ചു. അതോടൊപ്പം അശ്രദ്ധമായി വാഹനമോടിക്കുന്നതും ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഉണര്‍ത്തിയ അധികൃതര്‍, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ ശ്രദ്ധിക്കരുതെന്നും ഉപദേശിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന് പോലീസ് അനുശോചനം അറിയിച്ചു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ യുവതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.