‘ദുബൈ’യുടെ വിവാഹം ആഘോഷമാക്കി ജനങ്ങളും സമൂഹ മാധ്യമങ്ങളും

Posted on: June 7, 2019 8:31 pm | Last updated: June 7, 2019 at 8:31 pm

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ മക്കളായ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവരുടെ വിവാഹവുമായി ബന്ധപ്പെട്ട സ്വീകരണ ചടങ്ങുകള്‍ ഇന്നലെ ദുബൈയില്‍ ആരംഭിച്ചു. ഭരണ കുടുംബത്തിലെ മൂന്ന് പുതുതലമുറക്കാരുടെ വിവാഹം അക്ഷരാര്‍ഥത്തില്‍ രാജ്യത്തിന്റെ തന്നെ ആഘോഷമാക്കി മാറ്റുകയായിരുന്നു ജനങ്ങളും യു എ ഇ മാധ്യമങ്ങളും വിവിധ സോഷ്യല്‍ മീഡിയകളും

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ നടന്ന വിവാഹ സ്വീകരണ ചടങ്ങ് മുഴുവന്‍ എമിറേറ്റുകളിലെയും ഭരണാധികാരികളുടെയും കിരീടാവകാശികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സംഗമവേദിയായി മാറി. വിരുന്നിന് ദിവസങ്ങള്‍ക്ക് മുമ്പേ സ്വീകരണത്തിലേക്കുള്ള ക്ഷണക്കത്ത് യു എ ഇയിലെ വിവിധ പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
ഇതിനു പുറമെ വധൂവരന്‍മാര്‍ക്ക് ആശംസകളറിയിച്ചുകൊണ്ടും സന്തോഷം പങ്കിട്ടുകൊണ്ടുമുള്ള പരസ്യങ്ങളുമായാണ് രാജ്യത്തെ അറബ് പത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയത്. നേരത്തെ ശൈഖ് മുഹമ്മദ് തന്റെ മക്കളുടെ വിവാഹക്കാര്യം സ്വന്തമായി രചിച്ച കവിതയിലൂടെ രാജ്യത്തെ ജനങ്ങളെ അറിയിച്ചത് വൈറലായിരുന്നു. ശൈഖ് മുഹമ്മദിന്റെ കവിത ട്വിറ്ററിലും മറ്റും തന്നെ പിന്തുടരുന്നവര്‍ ഏറ്റെടുക്കുകയായിരുന്നു.

സ്വീകരണ ചടങ്ങുകളിലേക്ക് യു എ ഇ ഭരണ രംഗത്തെ പ്രമുഖര്‍ക്ക് പുറമെ ജി സി സി രാജ്യങ്ങളായ സഊദി, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഭരണ രംഗത്തെ പ്രധാനികളും സംബന്ധിച്ചു. ഇവര്‍ക്കെല്ലാം പുറമെ യു എ ഇയിലെ സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. പ്രമുഖ ഇന്ത്യന്‍ വ്യവസായികളായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, ബി ആര്‍ ഷെട്ടി എന്നിവരും ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് ചടങ്ങില്‍ സംബന്ധിച്ചു.