വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ രാഹുല്‍ കേരളത്തിലെത്തി

Posted on: June 7, 2019 5:10 pm | Last updated: June 7, 2019 at 5:10 pm

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എം പിയായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ നന്ദി അറിയിക്കുന്നതിനായി കേരളത്തിലെത്തി. ഉച്ചക്ക് 2.15ന് പ്രത്യേക വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹത്തെ യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

മലപ്പുറം ജില്ലയില്‍ വയനാട് ലോക്‌സഭാ ണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഹുല്‍ ഇന്ന് പര്യടനം നടത്തും. നിലമ്പൂരിലെ കാളികാവില്‍ നിന്ന് അദ്ദേഹത്തിന്റെ റോഡ് ഷോ തുടങ്ങും. കാളികാവില്‍ പഞ്ചായത്ത് ഓഫിസ് മുതല്‍ ടൗണ്‍ വരെയും എടവണ്ണയില്‍ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയും നിലമ്പൂരില്‍ ചന്തക്കുന്ന് മുതല്‍ ഗവ. മോഡല്‍ യുപി സ്‌കൂള്‍ വരെയും അരീക്കോട് പുത്തലം മുതല്‍ പത്തനാപുരം പാലംവരെയുമാണ് രാഹുല്‍ഗാന്ധിയുടെ റോഡ് ഷോ. നിലമ്പൂര്‍, എടവണ്ണ അരീക്കോട് എന്നിവിടങ്ങളിലും രാഹുല്‍ ഇന്ന് എത്തും.

പിന്നീട് റോഡ് മാര്‍ഗം കല്‍പ്പറ്റയിലേക്കും പോകും. ശനിയാഴ്ചയാണ് വയനാട്ടിലെ പര്യടനം. വയനാട്ടില്‍ ആറ് സ്വീകരണ പൊതു യോഗങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ പങ്കെടുത്ത ശേഷം തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ പര്യടനവും കഴിഞ്ഞ് പ്രത്യേക വിമാനത്തില്‍ മടങ്ങും.