Connect with us

Kozhikode

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കനുവദിച്ച 10,000 സീറ്റുകളിൽ സർക്കാർ നിരക്ക്

Published

|

Last Updated

കോഴിക്കോട്: കേന്ദ്രസർക്കാർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്കനുവദിച്ച ക്വാട്ടയിൽ 10,000 സീറ്റുകളിൽ സർക്കാർ നിരക്ക് മാത്രമേ പാടുള്ളൂവെന്ന് നിർദേശം. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹജ്ജ് ഗ്രൂപ്പുകൾക്ക് കേന്ദ്രസർക്കാർ ഈ നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്താകമാനം മൊത്തം 60,000 സീറ്റുകളാണ് കേന്ദ്രസർക്കാർ സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം 45,000 സീറ്റുകൾ മാത്രമേ സ്വകാര്യ ഗ്രൂപ്പുകൾക്ക് അനുവദിച്ചിരുന്നൂള്ളൂ.

ഇപ്രാവശ്യം വർധിപ്പിച്ച ക്വാട്ടയിൽ 10,000 സീറ്റുകളിലാണ് സർക്കാർ ഹജ്ജ് ഗ്രൂപ്പുകളിലെ നിരക്കിന് തതുല്യമായി നിരക്ക് ഈടാക്കാവൂ എന്ന് നിർദേശിച്ചിരിക്കുന്നത്.
45,000 സീറ്റുകളിൽ അധികം ലഭിക്കുകയാണെങ്കിൽ ബാക്കിയുള്ളവയിൽ സർക്കാർ ഹജ്ജ് കമ്മിറ്റി നിരക്കിലേ തുക ഈടാക്കാവൂവെന്നാണ് ഹജ്ജ് നയത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് അനുവദിക്കപ്പെട്ട 60,000 ക്വാട്ടയിൽ നിന്ന് 10,000 സീറ്റുകൾ സർക്കാർ നിരക്കിൽ മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് ഇത്തവണ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി പതിനാലായിരത്തോളം പേർക്കാണ് ഹജ്ജിന് പോകാൻ അവസരം ലഭിക്കുക. ഇതിൽ 8,943 സീറ്റുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഹജ്ജ് ഗ്രൂപ്പുകൾക്കാണ് അനുവദിച്ചിട്ടുള്ളത്. ബാക്കിയുള്ളവ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്ത കേരളത്തിലെ ഹജ്ജ് ഗ്രൂപ്പുകൾക്കാണ്. അതേസമയം 10,000 സീറ്റുകളിൽ ഹജ്ജ് കമ്മിറ്റിയുടെ നിരക്ക് നടപ്പാക്കാനുള്ള നിർദേശം സ്വകാര്യ ഗ്രൂപ്പുകൾക്ക് സാങ്കേതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. സർക്കാർ നിരക്കിൽ ഹജ്ജിന് കൊണ്ടുപോകേണ്ടി വരുമ്പോൾ ഹറമിനടുത്ത് താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കാൻ കഴിയില്ലെന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതർ പറയുന്നു.

അതേസമയം, സ്വകാര്യ ഗ്രൂപ്പുകൾക്ക് 60,000 ക്വാട്ട അനുവദിച്ച സാഹചര്യത്തിൽ ഈ മാസം ഒമ്പതിന് മുംബൈയിൽ സ്വകാര്യ ഗ്രൂപ്പ് അധികൃതരുടെ യോഗം സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. ഈ വർഷത്തെ സ്വകാര്യഗ്രൂപ്പുകളുടെ ഹജ്ജ് നടപടിക്രമങ്ങൾ ഈ യോഗത്തിൽ സർക്കാർ വിശദീകരിക്കും. സ്റ്റാർ വൺ കാറ്റഗറി, ഒന്നാം കാറ്റഗറി, രണ്ടാം കാറ്റഗറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് ഇത്തവണ ക്വാട്ട വിതരണം. സ്റ്റാർ വൺ കാറ്റഗറിയിൽ 117 ഗ്രൂപ്പുകളും ഒന്നാം കാറ്റഗറിയിൽ 196 ഗ്രൂപ്പുകളും രണ്ടാം കാറ്റഗറിയിൽ 412 ഗ്രൂപ്പുകളും അർഹത നേടി. ഇവർക്കാണ് 60,000 സീറ്റുകൾ വീതിച്ചു നൽകിയത്. ഈ വർഷം സംസ്ഥാനത്തു നിന്നും 100 ഗ്രൂപ്പുകൾക്ക് ക്വാട്ട അനുവദിച്ചു.

150 സീറ്റുകൾ വീതം 4,350 സീറ്റുകൾ ആണ് സ്റ്റാർ വൺ കാറ്റഗറിയിൽ 29 ഗ്രൂപ്പുകൾക്ക് നൽകിയത്. കേരളത്തിൽ നിന്നും ഒന്നാം കാറ്റഗറിയിൽ 17 ഗ്രൂപ്പുകൾക്ക് 106 വീതം സീറ്റുകൾ വീതം ലഭിക്കും. മൊത്തം 1,803. രണ്ടാം കാറ്റഗറിയിൽ മൊത്തം 2,790 സീറ്റുകളാണ് അനുവദിച്ചത്. 54 ഗ്രൂപ്പുകൾക്കാണിത്. ഓരോ ഗ്രൂപ്പിനും 50 വീതമാണിത്. 12 വർഷമെങ്കിലും ഹജ്ജ്, ഉംറ സർവ്വീസ് നടത്തി പരിചയമുള്ള അഞ്ച് കോടി വാർഷിക വരുമാനമുള്ള ഗ്രൂപ്പുകളെയാണ് സ്റ്റാർ വൺ കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഏഴ് വർഷത്തെ പരിചയമുള്ള മൂന്ന് കോടി വാർഷിക വരുമാനമുള്ളവരെ ഒന്നാം കാറ്റഗറിയിലും ഏഴ് വർഷത്തിനു താഴെ പരിചയ സമ്പത്തുള്ളവരെ രണ്ടാം കാറ്റഗറിയിലും ഉൾപ്പെടുത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത ഹജ്ജ് ഗ്രൂപ്പുകൾക്ക് അയോഗ്യത കൽപ്പിച്ചിട്ടുമുണ്ട്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest