Connect with us

Kerala

നിപ്പാ: സ്ഥിതി ആശ്വാസകരമെങ്കിലും ജാഗ്രത തുടരും, പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്ര സഹായം തേടും- ആരോഗ്യ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴുപേര്‍ക്ക് നിപ്പാ ബാധിച്ചിട്ടില്ലെന്നത് ഏറെ ആശ്വാസകരമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. എങ്കിലും നിരീക്ഷണ നടപടികളും ജാഗ്രതയും അടുത്ത മാസം പകുതി വരെ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാന്‍ ന്യൂഡല്‍ഹിയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിപ്പാ ബാധിതനായി സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടുവെന്നതും ആശ്വാസം നല്‍കുന്നതാണ്.

നിപ്പാ പ്രതിരോധ നടപടികള്‍ക്കായി കൂടുതല്‍ കേന്ദ്ര സഹായം നല്‍കണമെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി ശൈലജ അറിയിച്ചു. നിപ്പാ വൈറസിന്റെ ഉത്ഭവം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ച വിദഗ്ധ പഠനത്തിനും ശാസ്ത്രീയ പരിശോധനകള്‍ക്കുമായുള്ള സഹായവും തേടും. സംസ്ഥാനത്തിന് അനുവദിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലെവല്‍ രണ്ടില്‍ നിന്ന് മൂന്ന് ആക്കണമെന്ന ആവശ്യവും ഉന്നയിക്കും.

ഇന്ന് ഉച്ചക്ക് രണ്ടിനാണ് കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള ശൈലജയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. അതിനു ശേഷം വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെയും മന്ത്രി കാണും.

സംസ്ഥാനത്ത് നിപ്പാ ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്നവരുടെ ശരീര സ്രവങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നത് ആശ്വാസമുളവാക്കുന്ന സാഹചര്യമാണെന്നാണ് ആരോഗ്യ വകുപ്പിന്റെയും വിലയിരുത്തല്‍. ഈ സാഹചര്യത്തിലും ജൂലൈ പകുതി വരെ ജാഗ്രതയും നിരീക്ഷണവും തുടരും.

Latest