ദുബൈയിലെ ബസപകടം: മരിച്ച മലയാളികളുടെ എണ്ണം എട്ടായി

Posted on: June 7, 2019 6:00 am | Last updated: June 7, 2019 at 7:05 pm

ദുബൈ: ദുബൈയില്‍ ടൂറിസ്റ്റ് ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി. അപകടത്തില്‍ 12 ഇന്ത്യക്കാരടക്കം ആകെ 17 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലൈത്തിക്കും.

തലശേരി സ്വദേശികളായ ഉമ്മര്‍ ചോനക്കടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ ചോനക്കടവത്ത്, തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ സ്വദേശികളായ അരക്കാ വീട്ടില്‍ മുഹമ്മദുണ്ണി ജമാലുദ്ദീന്‍, കിരണ്‍ ജോണി വള്ളിത്തോട്ടത്തില്‍, വാസുദേവന്‍, കോട്ടയം പാമ്പാടി സ്വദേശി വിമല്‍ കുമാര്‍ കാര്‍ത്തികേയന്‍, രാജന്‍, തിലകന്‍ പുതിയപുരയില്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ദീപകുമാറിന്റെ ഭാര്യ ആതിരയും നാലുവയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷെയ്ഖ് സായിദ് റോഡിലെ റശീദിയ്യ എക്‌സിറ്റില്‍ വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ദുരന്തം. ഓമനിലേക് ഈദ് അവധി ആഘോഷിക്കാന്‍ പോയി മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. വിവിധ രാജ്യക്കാരായ 31 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസ്സ് ട്രാഫിക് സിഗ്‌നല്‍ തെറ്റി ബസ്സുകള്‍ക്ക് പ്രവേശനമില്ലാത്ത റോഡിലേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയത്. അപകടത്തില്‍ പെട്ട എല്ലാവരും ദുബൈയില്‍ താമസ വിസയില്‍ ജോലി ചെയ്യുന്നവരാണ്. മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

ഒമാനിലെ മുവാസ്വലാത് എന്ന കമ്പനിയുടേതാണ് അപകടത്തില്‍ പെട്ട ബസ്. അപകടത്തെ തുടര്‍ന്ന് മസ്‌കറ്റ് – ദുബൈ റൂട്ടില്‍ ഉള്ള ഇവരുടെ എല്ലാ സെര്വീസുകളും നിര്‍ത്തിവെച്ചു. മൂന്നു സര്‍വീസുകള്‍ ആണ് ഈ റൂട്ടില്‍ കമ്പനി നടത്തുന്നത്.

അതേ സമയം ദുബായില്‍ രണ്ട് ദിവസം അവധിയായതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. എങ്കിലും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നോര്‍ക്ക അധികൃതര്‍ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.