Connect with us

International

ധോനി സംഭവമാണ്; ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ കൊയ്‌തെടുത്തത് രണ്ട് ലോക റെക്കോഡുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: അപരാജിതമായ 122 റണ്‍സ് നേടി മാന്‍ ഓഫ് ദി മാച്ചായ രോഹിത് ശര്‍മയുടെ പ്രകടനം, ജസ്പ്രീത് ബുംറയുടെയും യുസ്‌വേന്ദ്ര ചഹലിന്റെയും കാഗിസോ റബാദയുടെയും ഉജ്ജ്വല ബൗളിംഗ്……ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സൗതാംപ്ടണിലെ മൈതാനത്ത് ബുധനാഴ്ച നടന്ന ലോകകപ്പ് മത്സരത്തിന് സവിശേഷതകള്‍ ഏറെയാണ്. എന്നാല്‍, ഇതിനിടയില്‍ രണ്ട് ലോക റെക്കോഡുകള്‍ കൊത്തിയെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോനിയും ശ്രദ്ധേയനായി.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറായെന്ന നേട്ടമാണ് ഇതിലൊന്ന്. 600 ഇന്നിംഗ്‌സുകളിലാണ് ധോനി വിക്കറ്റിനു പിന്നില്‍ നിലയുറപ്പിച്ച് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറും (596 ഇന്നിംഗ്‌സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും (499) ആണ് ധോനിക്ക് പിന്നിലായുള്ളത്. ആസ്‌ത്രേലിയന്‍ മുന്‍ നായകന്‍ ആദം ഗില്‍ക്രിസ്റ്റ് 485 ഇന്നിംഗ്‌സുകളില്‍ വിക്കറ്റ് കീപ്പറായി.

ചാഹലിന്റെ പന്തില്‍ ആന്‍ഡിലെ ഫെഹ്‌ലുക്‌വായോയെ സ്റ്റംപ് ചെയ്തു പുറത്താക്കിയപ്പോള്‍ മറ്റൊരു ലോക റെക്കോഡും ഇന്ത്യന്‍ താരത്തെ തേടിയെത്തി. ഏറ്റവുമധികം സ്റ്റംപിംഗ് നടത്തിയ പാക്കിസ്ഥാന്റെ മോയിന്‍ ഖാനൊപ്പമാണ് ധോനി തന്റെ പേര് എഴുതിച്ചേര്‍ത്തത്. 139 സ്റ്റംപിംഗുകളാണ് വിക്കറ്റിനു പിന്നില്‍ നിന്ന് ഇരുവരും നടത്തിയത്.

ലോകകപ്പില്‍ ഏറ്റവുമധികം സ്റ്റംപിംഗ് നടത്തിയവരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിന്റെ ബ്രന്‍ഡം മെക്കല്ലത്തെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ധോനിക്കായി. ലോകകപ്പില്‍ 33 സ്റ്റംപിംഗുകളാണ് ധോനി സ്വന്തം പേരിലാക്കിയത്. 32 ആണ് മക്കല്ലത്തിന്റെ കൈവശമുള്ളത്. കുമാര്‍ സങ്കക്കരയാണ് പട്ടികയില്‍ ഒന്നാമത്-54. 52 സ്റ്റംപിംഗോടെ ഗില്‍ക്രിസ്റ്റ് രണ്ടാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത് 34 റണ്‍സ് നേടാനും രോഹിതുമായി ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധോനിക്ക് കഴിഞ്ഞു.

Latest