റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബേങ്ക്; ഭവന-വാഹന വായ്പാ നിരക്കുകള്‍ കുറഞ്ഞേക്കും

Posted on: June 6, 2019 12:51 pm | Last updated: June 6, 2019 at 4:32 pm

മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവു വരുത്തിക്കൊണ്ട് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ അധ്യക്ഷനായ ആറംഗ പണയ അവലോകന സമിതിയുടെ ധനനയ പ്രഖ്യാപനം. വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. 25 ബേസിസ് പോയിന്റുകളുടെ കുറവാണ് ഇതില്‍ വരുത്തിയിട്ടുള്ളത്. ഇതോടെ നേരത്തെ ആറായിരുന്ന നിരക്ക് 5.75 ശതമാനമായി.

പണ ലഭ്യതക്കുള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് നിരക്കില്‍ കുറവു വരുത്തിയിട്ടുള്ളത്. വിപണിയില്‍ നിലനില്‍ക്കുന്ന സമ്മര്‍ദം ലഘൂകരിക്കുക കൂടി ലക്ഷ്യമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്കിനെ ഉദ്ദീപിപ്പിക്കാനും വ്യാവസായിക മേഖലയിലേക്ക് കൂടുതല്‍ പണമെത്താനും വളര്‍ച്ച ത്വരിതഗതിയിലാക്കാനും ഇതിലൂടെ കഴിയും.

ഭവന-വാഹന വായ്പാ നിരക്കുകളുടെ പ്രതിമാസ തിരിച്ചടവ് കുറയുന്നതിന് നിരക്കില്‍ വരുത്തിയ കുറവ് സഹായകമായേക്കും.