Connect with us

Education

പാഠ്യപദ്ധതിയില്‍ നീന്തലും; 141 നീന്തല്‍ക്കുളങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

Published

|

Last Updated

 

തൃശൂര്‍: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അക്കാദമികേതര മികവ് ലക്ഷ്യംവെച്ച് പാഠ്യ പദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു. മുഴുവന്‍ വിദ്യാര്‍ഥികളും പഠനത്തിന് പുറമേ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഇതിനായി നീന്തല്‍ പഠിക്കാന്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളം സജ്ജമാക്കും. ഓരോ മണ്ഡലങ്ങളിലും ഓരോ നീന്തല്‍ക്കുളം വീതം മൊത്തം 141 നീന്തല്‍ക്കുളങ്ങള്‍ നിര്‍മിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ ഉത്തര, മധ്യ, ദക്ഷിണ മേഖലകളിലായി അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ക്കുളങ്ങളും നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ ചെമ്പുചിറ സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൊതുവിദ്യാഭ്യാസ നയം ആകെമാറുന്ന ദിനമാണിതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പുതുതായി എത്തിയ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരം സംഭവമാകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ എല്ലാകുട്ടികളും നീന്തല്‍ പഠിച്ചിരിക്കണം. അതില്‍ രക്ഷിതാക്കള്‍ വിമുഖതകാണിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ പാഠപുസ്തകവിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ധേഹം പറഞ്ഞു.

പരിസര ശുചീകരണബോധം കുട്ടികളായിരിക്കുമ്പോള്‍ തന്നെ ആരംഭിക്കണം. കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പഠനകാര്യങ്ങളില്‍ അത്തരം കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന വ്യക്തികള്‍ സമൂഹത്തോട് കാണിക്കുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest