കീഴ്‌വഴക്കം തുടരും; കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ച്ഛിക്കാന്‍ വഴിയൊരുക്കി ജോസഫിന്റെ പ്രസ്താവന

Posted on: June 4, 2019 4:18 pm | Last updated: June 4, 2019 at 6:11 pm

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ആഭ്യന്തര കുഴപ്പങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുന്നതിന് വഴിമരുന്നിട്ട് പി ജെ ജോസഫ്. കെ എം മാണിയുടെ കാലത്തെ കീഴ്‌വഴക്കം തുടരുമെന്ന് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ജോസഫ് പറഞ്ഞു. ചെയര്‍മാര്‍ സ്ഥാനം തനിക്കും വര്‍ക്കിംഗ് ചെയര്‍മാന്‍ പദവി ജോസ് കെ മാണിക്കും സി എഫ് തോമസിന് നിയമസഭാ കക്ഷി നേതൃ സ്ഥാനം എന്നതാണ് നിലപാട്. ബുധനാഴ്ച പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ഉണ്ടാകില്ലെന്നും വിഷയത്തില്‍ സമവായമുണ്ടാക്കിയ ശേഷം മാത്രമെ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയുള്ളൂവെന്നും ജോസഫ് വ്യക്തമാക്കി.

പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തെ കുറിച്ച് അറിവൊന്നുമില്ലെന്നും അങ്ങനെയൊരു യോഗം തന്നെയാരും അറിയിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനെ നിശ്ചയിച്ച ശേഷമാണ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേരേണ്ടത്. ആരെങ്കിലും രഹസ്യ യോഗം ചേരുന്നുണ്ടോയെന്ന് അറിയില്ല. അതിനിടെ, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍, പി ജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി.