എഴുതിവച്ചതെല്ലാം സത്യം; യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി ടി സി വാങ്ങി

Posted on: June 4, 2019 3:51 pm | Last updated: June 4, 2019 at 8:29 pm

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച വിദ്യാര്‍ഥിനി കോളജില്‍ നിന്ന് ടി സി വാങ്ങി. ആത്മഹത്യക്കു ശ്രമിക്കും മുമ്പ് താന്‍ എഴുതിവച്ച കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും പഠിക്കാനുള്ള അന്തരീക്ഷം കോളജില്‍ ഇല്ലെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി. യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദം തന്നെയാണ് ആത്മഹത്യക്കു പ്രേരിപ്പിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ല.

വര്‍ക്കല എസ് എന്‍ കോളജിലേക്ക് മാറണമെന്ന വിദ്യാര്‍ഥിനിയുടെ അപേക്ഷ കേരള സര്‍വകലാശാല അംഗീകരിക്കുകയും ഉത്തരവിറക്കുകയും ചെയ്തു.
പഠിക്കാനാണ് താത്പര്യമെന്നതു കൊണ്ട് ടി സി വാങ്ങുന്നതാണ് നല്ലതെന്ന് തോന്നിയും തന്റെ നിലപാട് യൂനിവേഴ്‌സിറ്റി കോളജില്‍ മാറ്റമുണ്ടാകാന്‍ കാരണമാകട്ടെയെന്നും ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടി പറഞ്ഞു.

സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ എസ് എഫ് ഐ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്ന് പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിരുന്നു. എസ് എഫ് ഐ യൂനിറ്റ് ഭാരവാഹികള്‍, പ്രിന്‍സിപ്പല്‍, അധ്യാപകര്‍ എന്നിവരെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആര്‍ക്കുമെതിരെ പരാതിയില്ലെന്ന നിലപാടായിരുന്നു പെണ്‍കുട്ടി സ്വീകരിച്ചിരുന്നത്. ആരോപണങ്ങളെല്ലാം എസ് എഫ് ഐ നിഷേധിക്കുകയും ചെയ്തു.

ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് കൂടുതല്‍ രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി സേവ് യൂനിവേഴ്‌സിറ്റി കോളജ് കാമ്പയിന്‍ കമ്മിറ്റി സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.