Connect with us

Kozhikode

അതീജീവിക്കാം; ഒത്തൊരുമയുടെ കോഴിക്കോടൻ മാതൃകയിൽ

Published

|

Last Updated

കോഴിക്കോട്: കേരളം വീണ്ടും നിപ്പാ പേടിയിലകപ്പെട്ട സാഹചര്യത്തിൽ അതിജീവനത്തിന് വ്യക്തമായ മാതൃകയുണ്ട്, ഇവിടെ കോഴിക്കോട്ട് നിന്ന്. നിപ്പായെന്ന മഹാമാരിയെ പടരാതെ, വളരാൻ വിടാതെ പൊതുജനങ്ങളും സർക്കാറും ഒന്നിച്ച് മെരുക്കിയ ആ ഒന്നര മാസം അതിജീവനത്തിന്റെ ഒന്നാംതരം പാഠമാണ്. തീരെ പരിചിതമല്ലാത്തതും ഏറെ അപകടകരമായ ഒരു രോഗം ഭീതി പരത്തി തേരോട്ടം നടത്തിയപ്പോൾ അതിനെ കൃത്യമായ പ്രതിരോധത്തിലൂടെ പിടിച്ചുകെട്ടിയ അനുഭവ സാക്ഷ്യം പുതിയ സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്ക് തികഞ്ഞ ആത്മവിശ്വാസം പകരുകയാണ്.

കഴിഞ്ഞ വർഷം മെയ് പതിനഞ്ചിനായിരുന്നു കോഴിക്കോട്ട് പേരാമ്പ്ര സ്വദേശി സാബിത്ത് നിപ്പാ വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടക്കത്തിൽ തലച്ചോറിലെ പഴുപ്പ് കാരണമുണ്ടായ പ്രത്യേക പനിയാണ് മരണ കാരണമെന്നായിരുന്നു നിഗമനമെങ്കിലും മെയ് ഇരുപതോടെ മരണം നിപ്പാ കാരണമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യവകുപ്പ് ഉണർന്നു പ്രവർത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഞൊടിയിടയിൽ സർവ സന്നാഹങ്ങളോടെയുള്ള നിപ്പാ വാർഡുകൾ സജ്ജീകരിച്ചു. എന്നാൽ, ഭീതി പരത്തിക്കൊണ്ട് സാബിത്തിന്റെ ബന്ധുക്കളടക്കം പതിനാറ് പേർ അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടു.

രോഗാണു ശരീരത്തിൽ പ്രവേശിച്ച ശേഷം ഏഴ് മുതൽ 16 ദിവസം വരെയുള്ള കാലയളവിലാണ് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നത്. തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ മസ്തിഷ്‌ക ജ്വരവും ഹൃദയധമനികൾക്ക് നീർകെട്ടും വന്ന് രോഗി ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു. ഇതോടൊപ്പം ശ്വാസകോശത്തിലെ നീർകെട്ടും കൂടി ബാധിക്കുന്നതിനാൽ ചികിത്സ പരാജയപ്പെടുകയും രോഗികൾ മരണത്തിലേക്ക് വഴുതുകയും ചെയ്തു.

എന്നാൽ, അവസാനം നിപ്പാ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രണ്ട് പേർ രോഗം ഭേദമായി ജീവിതത്തിലേക്ക് കടന്നുവെന്നതാണ് നമ്മുടെ പ്രതിരോധത്തിന്റെ മേൻമ കൂട്ടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പരിചരിച്ച നഴ്‌സിംഗ് വിദ്യാർഥിനിയും മലപ്പുറം സ്വദേശിയായ യുവാവുമാണ് നിപ്പായെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ഇതിനിടക്ക് നാല് പേർക്ക് നിപ്പാ ബാധയാണെന്ന സംശയത്തിൽ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും നിപ്പായല്ലെന്ന് സ്ഥിരീകരിച്ചു. മെയ് 30ന് ശേഷം ആരിലും രോഗം സ്ഥിരീകരിച്ചില്ലെങ്കിലും ജൂൺ 30 വരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം തുടർന്നു. ജാഗ്രതാ സമയത്ത് മരിച്ചവരും രോഗം പിടിപെട്ടവരുമായി ഇടപഴകിയ 2,469 പേരെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി.

ഐക്യരാഷ്ട്ര സംഘടനയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിർദേശങ്ങൾ പൊതുജനങ്ങൾ അക്ഷരംപ്രതി അനുസരിച്ചതാണ് നിപ്പായെ എളുപ്പത്തിൽ തുരത്താൻ സഹായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. കല്യാണ വീടുകൾ മുതൽ ആശുപത്രികൾ വരെ ഈ സൂക്ഷ്മതയും ജാഗ്രതയും തുടർന്നു. ആരോഗ്യ മന്ത്രിയും ആരോഗ്യ സെക്രട്ടറിയും ഹെൽത്ത് ഡയറക്ടറുമടങ്ങുന്ന സംഘം പതിനഞ്ച് ദിവസത്തോളം കോഴിക്കോട്ട് തമ്പടിച്ചു.
രോഗം ബാധിച്ച് മരണമടഞ്ഞവരുടെ സംസ്‌കാര ചടങ്ങുകളടക്കം പക്വതയോടെ കൈകാര്യം ചെയ്തു.

ഊഹോപോഹങ്ങളടങ്ങുന്ന വാർത്തകൾ ഓരോരുത്തരും കർശനമായി സെൻസർ ചെയ്തു. അവസാനം ഈ മഹാമാരിയെ ഞൊടിയിടയിൽ തളച്ചതിന് ലോകാരോഗ്യസംഘടന കേരളത്തെ അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest