Connect with us

National

മഹാസഖ്യം വിടാനുള്ള ബി എസ് പി തീരുമാനത്തെ കുറിച്ച് അറിയില്ല: അഖിലേഷ് യാദവ്

Published

|

Last Updated

അസംഗര്‍: മഹാസഖ്യത്തില്‍ തുടരില്ലെന്ന് വ്യക്തമാക്കി ബി എസ് പി അധ്യക്ഷ മായാവതി നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതു സംബന്ധിച്ച യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അഖിലേഷ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുള്ള കാരണം പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്ത് വിലയിരുത്തുകയും പുതിയ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുമോ എന്നു ചോദിച്ചപ്പോള്‍ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നായിരുന്നു എസ് പി നേതാവിന്റെ മറുപടി.

അസംഗറില്‍ നിന്ന് തന്നെ തിരഞ്ഞെടുത്ത വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തിയതാണ് താന്‍. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയില്‍ നിന്ന് പഠിക്കാനെന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കും. എപ്പോള്‍ ടി വി തുറന്നാലും നമ്മള്‍ അതില്‍ പ്രത്യക്ഷപ്പെടുന്ന രീതിയിലുള്ള വൈദഗ്ധ്യം സ്വായത്തമാക്കേണ്ടതുണ്ടെന്നും ഈ വൈദഗ്ധ്യം നേടിക്കഴിഞ്ഞാല്‍ നമ്മള്‍ തിരഞ്ഞെടുപ്പില്‍ വിജയം നേടുമെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

യു പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ ഉപ തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടാന്‍ ഒരുങ്ങണമെന്ന് ബി എസ് പി ഭാരവാഹികളോട് മായാവതി ആഹ്വാനം ചെയ്തത് എസ് പി നേതാക്കളെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ബി ജെ പി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി മായാവതിയുടെ പാര്‍ട്ടി എസ് പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുന്നതില്‍ സഖ്യം പരാജയപ്പെട്ടു.

സംസ്ഥാനത്തെ 80 ലോക്‌സഭാ സീറ്റില്‍ 62 എണ്ണത്തിലും ബി ജെ പിയാണ് വിജയിച്ചത്. 2014ല്‍ പൂജ്യത്തിലേക്ക് തള്ളപ്പെട്ട ബി എസ് പി സ്ഥിതി അല്‍പം മെച്ചപ്പെടുത്തി പത്ത് സീറ്റ് നേടി. എസ് പിക്ക് അഞ്ച് സീറ്റാണ് ലഭിച്ചത്. യാദവ കുടുംബങ്ങള്‍ക്ക് സ്വാധീനമുള്ള നിരവധി പോക്കറ്റുകളില്‍ എസ് പി പുറന്തള്ളപ്പെട്ടു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ 12,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ട കനൗജും ഇതിലുള്‍പ്പെടും.