കോണ്‍ഗ്രസിന് മുന്നോട്ടു പോകാന്‍ വഴികളുണ്ട്‌

ഈ പരാജയം കനത്തതാണെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി ദേശീയ രാഷ്ട്രീയത്തില്‍ അസ്തമിക്കുന്നില്ല. പക്ഷേ, പാര്‍ട്ടിക്ക് വന്നുചേര്‍ന്നിട്ടുള്ള ആദര്‍ശപരവും സംഘടനാപരവുമായ ബലക്ഷയങ്ങളെ കുറിച്ച് പഠിക്കാനും ഉടച്ചുവാര്‍ക്കാനും പാര്‍ട്ടി നേതൃത്വം ഉത്സാഹിക്കണം. സഭക്കകത്തും പുറത്തും പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ പാര്‍ട്ടിയുടെ ഭാവി എന്താകുമെന്നതിനെ കൂടി നിര്‍ണയിക്കുന്നതായിരിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി ക്രമക്കേടുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന സംശയം നിലനില്‍ക്കുമ്പോഴും ഒരു വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് മുതിരാതിരിക്കുന്നതില്‍ പലരും ആരോപിക്കുന്നതു പോലെ ദുരൂഹതകളുണ്ടെന്ന് തോന്നുന്നില്ല. ഭരണ ഘടനാ സ്ഥാപനമെന്ന നിലക്ക് കമ്മീഷന്റെ വിശ്വാസ്യത തെരുവിലേക്ക് വലിച്ചിഴക്കുന്നത് അപക്വവും ജനാധിപത്യ വികാരത്തെ തകര്‍ക്കുന്ന നടപടിയായിത്തീരുകയും ചെയ്‌തേക്കാം എന്നാണു കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എങ്കിലും മുന്നൂറില്‍ പരം മണ്ഡലങ്ങളില്‍ ഇ വി എമ്മുകള്‍ക്ക് അസ്വാഭാവികതയുള്ളതായി കോണ്‍ഗ്രസ് കമ്മീഷനു മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ദുര്‍ബലമായിരുന്നു എന്ന തിരിച്ചറിവ് നിലനില്‍ക്കുമ്പോള്‍ മറ്റുള്ള കാരണങ്ങളുടെ പിറകെ പോകുന്നത് മണ്ടത്തരമാണ്. ഇത് പരിഹരിക്കുകയാവണം പ്രാഥമിക കര്‍ത്തവ്യം.
Posted on: June 4, 2019 11:23 am | Last updated: June 4, 2019 at 11:23 am

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പരാജയഭാരം മുഴുവന്‍ ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കാണ് കോണ്‍ഗ്രസും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആനയിക്കപ്പെട്ടിരിക്കുന്നത്. 2014ലെ പാര്‍ട്ടിയുടെ നിലയില്‍ നിന്ന് എടുത്തുപറയത്തക്ക നേട്ടമൊന്നും ഉണ്ടായില്ല എന്നതും ആളെണ്ണം നോക്കി പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് കെല്‍പില്ലാതായതും മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് യുഗം അവസാനിച്ചുവെന്ന് വിധി എഴുതുന്നവരാണ് പലരും. എങ്കിലും 2014ലെ പൊതു തിരഞ്ഞെടുപ്പിനു ശേഷം ഉയര്‍ന്നതു പോലെയുള്ള ഒരു ആക്രമണം ഇക്കുറി ഇല്ലാതെ പോകുന്നത് രാഹുല്‍ ഗാന്ധി എന്ന പാര്‍ട്ടി പ്രസിഡന്റിന്റെ പ്രാപ്തിയില്‍ ഇനി ആര്‍ക്കും സംശയമില്ലാത്തതിനാലാകണം. പോരാട്ടത്തിലെയും വ്യക്തി ജീവിതത്തിലെയും രാഹുലിന്റെ കുലീനതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ധിഷണയും വീര്യവും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ സ്ഥിതീകരിക്കപ്പെട്ടതാണ്. അതായത്, ഈ പരാജയം കനത്തതാണെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസക്തി ദേശീയ രാഷ്ട്രീയത്തില്‍ അസ്തമിക്കുന്നില്ല എന്ന് സാരം. പക്ഷേ, പാര്‍ട്ടിക്ക് വന്നുചേര്‍ന്നിട്ടുള്ള ആദര്‍ശപരവും സംഘടനാപരവുമായ ബലക്ഷയങ്ങളെ കുറിച്ച് പഠിക്കാനും ഉടച്ചുവാര്‍ക്കാനും പാര്‍ട്ടി നേതൃത്വം ഉത്സാഹിക്കണം. സഭക്കകത്തും പുറത്തും പാര്‍ട്ടി നടത്തുന്ന പോരാട്ടങ്ങള്‍ പാര്‍ട്ടിയുടെ ഭാവി എന്താകുമെന്നതിനെ കൂടി നിര്‍ണയിക്കുന്നതായിരിക്കും.

എന്നാല്‍ ബി ജെ പിയുടെ സാമ്പത്തിക നയങ്ങളെയും ആര്‍ എസ് എസിന്റെ ഫാസിസത്തെയും എതിര്‍ക്കുന്നതു പോലെ എളുപ്പമല്ല ബി ജെ പി മുന്നോട്ടുവെക്കുന്ന ബ്ലാക് പ്രോപഗണ്ടകളെ എതിര്‍ക്കുക എന്നത്. അവഗണിച്ചാലും പ്രതിരോധിച്ചാലും വിപരീത ഫലങ്ങള്‍ മാത്രം ഉണ്ടാകുന്ന പ്രോപഗണ്ടകളാണ് “ബ്ലാക് പ്രോപഗണ്ട’ എന്ന് പറയപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനുണ്ടായിരുന്ന എല്ലാ സാധ്യതകളെയും അസ്ഥാനത്താക്കാന്‍ ബി ജെ പി ഉപയോഗിച്ചതും ഇതേ വിദ്യയാണ്. പുല്‍വാമ ആക്രമണവും ബാലാകോട്ട് വ്യോമാക്രമണവുമെല്ലാം മുന്‍ നിര്‍ത്തി ബി ജെ പി ഉയര്‍ത്തിയ രാജ്യരക്ഷാ സംവാദങ്ങളെ ഒരു തരത്തിലും കോണ്‍ഗ്രസിന് നേരിടാന്‍ കഴിയുമായിരുന്നില്ല. സൈന്യം, സുരക്ഷ, പാക്കിസ്ഥാന്‍ എന്ന “ശത്രു രാജ്യം’ എന്നിങ്ങനെ കൂട്ടിക്കെട്ടിയ ഒരു മുള്‍പന്ത് നീട്ടി എറിഞ്ഞതായിരുന്നു ബി ജെ പി. അടിയന്തര സാഹചര്യങ്ങളില്‍ ജനാധിപത്യത്തിന്റെയും രാജ്യ താത്പര്യങ്ങളുടെയും അതിര്‍വരമ്പുകള്‍ എളുപ്പത്തില്‍ ലംഘിക്കാന്‍ കഴിയുന്ന സംഘ്പരിവാറിനെ അതേ നാണയത്തില്‍ നേരിടുക ബുദ്ധിയല്ലെന്നു മാത്രമല്ല, അത് അപകടവുമാണ്. തിരഞ്ഞെടുപ്പാനന്തരം ഇ വി എമ്മുകള്‍ക്കെതിരെ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്ന പ്രതിഷേധങ്ങള്‍ മുതലെടുക്കാനാകാത്തതും ഇങ്ങനെ ഒരു പരിമിതി തന്നെയാണ്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി ക്രമക്കേടുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന സംശയം നിലനില്‍ക്കുമ്പോഴും ഒരു വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് മുതിരാതിരിക്കുന്നതില്‍ പലരും ആരോപിക്കുന്നതു പോലെ ദുരൂഹതകളുണ്ടെന്ന് തോന്നുന്നില്ല. പലവിധേനയും നിരാശപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്ത പ്രകടനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാഴ്ച വെച്ചതെങ്കിലും രാജ്യത്തെ ഏറ്റവും നിര്‍ണായകമായ ഭരണ ഘടനാ സ്ഥാപനമെന്ന നിലക്ക് കമ്മീഷന്റെ വിശ്വാസ്യത തെരുവിലേക്ക് വലിച്ചിഴക്കുന്നത് അപക്വവും ജനാധിപത്യ വികാരത്തെ തകര്‍ക്കുന്ന നടപടിയായിത്തീരുകയും ചെയ്‌തേക്കാം എന്നാണു കോണ്‍ഗ്രസ് വിലയിരുത്തുന്നത്. എങ്കിലും മുന്നൂറില്‍ പരം മണ്ഡലങ്ങളില്‍ ഇ വി എമ്മുകള്‍ക്ക് അസ്വാഭാവികതയുള്ളതായി കോണ്‍ഗ്രസ് കമ്മീഷനു മുമ്പില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിയമ പോരാട്ടം ശക്തിപ്പെടുത്തിയാലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഭൂഷണമല്ല എന്ന കാരണം പറഞ്ഞ് സര്‍ക്കാറും കമ്മീഷനും ഉന്നത നീതിപീഠത്തെ സമീപിക്കുന്നതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് വിചാരിക്കുന്നതു പോലെയല്ല ആയിത്തീരുക. മാത്രവുമല്ല, രാജ്യത്ത് ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ ഇ വി എം മാറ്റിവെക്കപ്പെട്ടതുപോലെ പ്രകടമായ ഒരു തിരിമറി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കൂടാതെ, പാര്‍ട്ടിയുടെ സംഘടനാ സംവിധാനങ്ങള്‍ ദുര്‍ബലമായിരുന്നു എന്ന തിരിച്ചറിവ് നിലനില്‍ക്കുമ്പോള്‍ മറ്റുള്ള കാരണങ്ങളുടെ പിറകെ പോകുന്നത് മണ്ടത്തരമാണ്. ഇത് പരിഹരിക്കുകയാവണം പ്രാഥമിക കര്‍ത്തവ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ ഈ കാര്യം കൂടുതല്‍ ശ്രമകരമാകുകയാണ്. താന്‍ മാറിയാല്‍ ഇനി പ്രിയങ്ക എന്ന് ആരും പറയേണ്ടെന്നും തന്റെ കുടുംബത്തിന് പുറത്തു നിന്നൊരാളെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കണ്ടെത്തേണ്ടതെന്നും രാഹുല്‍ തീര്‍ത്തു പറഞ്ഞു കഴിഞ്ഞു. കുടുംബ വാഴ്ചയാണെന്ന് ശത്രുക്കള്‍ വിമര്‍ശിക്കുമ്പോഴും രാജ്യത്തെവിടെയും ആമുഖങ്ങളില്ലാതെ ജനങ്ങള്‍ക്ക് പരിചിതവും സ്വീകാര്യവുമാണ് ഗാന്ധി കുടുംബം. മറ്റൊരു നേതാവിനെ പാര്‍ട്ടി കണ്ടെത്തിയാല്‍ തന്നെ അയാള്‍ക്ക് രാജ്യവ്യാപകമായി ശ്രദ്ധ നേടാനും പരിചയപ്പെടാനും തന്നെ സമയമെടുക്കും. ഏറെ കനത്ത തകര്‍ച്ച നേരിട്ട നിലയിലുള്ള പാര്‍ട്ടിക്ക് ശക്തവും കേന്ദ്രീകൃതവുമായ എന്നാല്‍ ജനാധിപത്യ മൂല്യങ്ങളുള്ള നേതൃത്വം അനിവാര്യമാണ്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ ഒരേ സ്വരത്തില്‍ കോണ്‍ഗ്രസിലെ താപ്പാനകള്‍ അംഗീകരിച്ചുകൊള്ളും എന്ന് കരുതാന്‍ ഒരു വകയുമില്ല.

രാഹുല്‍ ഇതുവരെ ചെയ്തുവന്ന നടപടികള്‍ ഊര്‍ജിതമാക്കുന്നതോടൊപ്പം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ മുതല്‍ എല്ലാ ഘട്ടങ്ങളിലും കാര്യക്ഷമമായ, ഗ്രൂപ് ചേരുവകള്‍ക്കതീതമായ പുനഃസംഘടന വേണ്ടി വരും. അമേഠിയില്‍ രാഹുലിന്റെ പരാജയത്തിനു പിന്നില്‍ ഇ വി എം തിരിമറിയൊന്നുമല്ലെങ്കില്‍ പിന്നെ താഴെ തട്ടില്‍ പാര്‍ട്ടിയുടെ ദയനീയ സ്ഥിതിയാണ് കാരണം. പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തുന്ന ഗ്രൂപ്പ് പോരുകള്‍ എന്ത് വില കൊടുത്തും അവസാനിപ്പിക്കാനുള്ള അവസാനത്തെ അവസരമായി ഇതിനെ കാണണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കനത്ത പരാജയം ആണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കനത്ത പ്രഹരം. പ്രത്യേകിച്ചും രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പരാജയങ്ങള്‍. അശോക് ഗെഹ്ലോട്ടും കമല്‍നാഥും പാര്‍ട്ടി താത്പര്യങ്ങളേക്കാള്‍ അവരുടെ വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുവെന്ന് പ്രവര്‍ത്തക സമിതിയില്‍ രാഹുല്‍ ഗാന്ധി തുറന്നു പറയുകയും ചെയ്തിരുന്നു. അതത് സംസ്ഥാനങ്ങളിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വെക്കുകയാണെന്ന് തറപ്പിച്ചു പറഞ്ഞ രാഹുലിനെ ഇവര്‍ മാതൃകയാക്കണമായിരുന്നു.

രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് മുതിര്‍ന്ന നേതാക്കളും ഇതര പ്രതിപക്ഷ കക്ഷികളും പറയുന്നുണ്ട്. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്ത് നടപടികള്‍ വേണമെങ്കിലും സ്വീകരിക്കാമെന്നും അനിവാര്യമെങ്കില്‍ പാര്‍ട്ടിയുടെ ഭരണഘടന തന്നെ ഭേദഗതി ചെയ്യാമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുലിനോട് ആവശ്യപ്പെടുകയുണ്ടായി. ഇത് നല്ലൊരു അവസരമായി കണ്ട് ലക്ഷണമൊത്ത ഒരു ശുദ്ധി കലശം നടപ്പാക്കുന്നത് അടുത്ത തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോണ്‍ഗ്രസിന് കേന്ദ്ര ഭരണത്തില്‍ തിരിച്ചു വരാനുള്ള വഴിയൊരുക്കും. കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ വിജയം, പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം എടുത്തു പറയുന്നുണ്ട്. ഒപ്പം, ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് നടത്തിയ ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയവും കൂടി ചേര്‍ത്തി വെക്കുമ്പോള്‍ കടുത്ത ദുരൂഹതയാണ് കാണുന്നത് എന്നതും ശ്രദ്ധിക്കണം.
സഭയില്‍ ആളെണ്ണം കുറഞ്ഞതു കൊണ്ട് പോരാട്ടത്തിന്റെ മൂര്‍ച്ച കുറയില്ലെന്ന് രാഹുല്‍ പറയുന്നു. രാജ്യത്തെ ഒട്ടുമിക്ക ഭരണഘടനാ സ്ഥാപനങ്ങളും അന്യാധീനപ്പെട്ടുവെന്നും അതിനാല്‍ പോരാട്ടം കടുക്കുമെന്നും രാഹുല്‍ തിരിച്ചറിയുന്നുണ്ട്. ലോക്‌സഭയില്‍ കക്ഷി നേതാവായി രാഹുല്‍ തന്നെ വന്നേക്കും. എങ്കില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂര്‍ച്ചയുള്ള പോരാട്ടം സഭക്കകത്ത് രാഹുല്‍ പുറത്തെടുക്കുകയും ചെയ്യും. രാഹുലിന്റെ ഈ ആത്മവിശ്വാസത്തെ ചെറുക്കാന്‍ ബി ജെ പിയുടെ മൃഗീയ ഭൂരിപക്ഷം ഒന്നടങ്കം ഒരു പക്ഷേ, പാടുപെടും.

കോണ്‍ഗ്രസിന്റെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധി വരുന്നത് ഇരു സഭകളിലെയും പ്രതിപക്ഷ കക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുകയേയുള്ളൂ. എന്‍ സി പി കോണ്‍ഗ്രസില്‍ ലയിക്കുമെന്നടക്കമുള്ള അഭ്യൂഹങ്ങള്‍ തുടരുമ്പോഴും കൂടുതല്‍ വിശാലമായ ഒരു പരിവര്‍ത്തനം പാര്‍ട്ടിക്കുണ്ടാകാന്‍ പോകുന്നു എന്ന സൂചനകള്‍ കൃത്യമാണ്. രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്ന് പറയുന്ന ഒരു കഠിനാധ്വാനിയായ രാഷ്ട്രീയക്കാരന് കീഴില്‍ പാര്‍ട്ടി അതിന്റെ പ്രതാപം തിരിച്ചെടുക്കുമെന്ന് കരുതാം.