Connect with us

Uae

ഫുൾജാർ സോഡ അബുദാബിയിലുമെത്തി

Published

|

Last Updated

 

അബുദാബി : നവ മാധ്യമങ്ങളില്‍ ഇതിനോടകം തരംഗമായ ശീതള പാനീയ രംഗത്തെ നവാഗതന്‍ ഫുള്‍ ജാര്‍ സോഡ അബുദാബിയിലുമെത്തി. നാട്ടില്‍ ഏറെ ചര്‍ച്ചയായ സോഡ കഴിഞ്ഞ ദിവസമാണ് അബുദാബി അല്‍ ഫലാഹ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മില്‍കി കഫ്റ്റീരിയയില്‍ എത്തിയത്. എരിവില്‍ നിന്നു ഉപ്പുകലര്‍ന്ന പുളിയിലേക്കും പിന്നെ ചെറു മധുരത്തിലേക്കുമുള്ളൊരു എരിപൊരി സഞ്ചാരമാണു ഫുള്‍ജാര്‍ സോഡ. അഞ്ചു ദിര്‍ഹമാണ് നിരക്ക്. കേട്ടറിഞ്ഞ നിവധി പേരാണ് ഇവിടെ ഫുള്‍ ജാര്‍ സോഡ കുടിക്കാനെത്തുന്നത്.ഒരു ദിവസം കുറഞ്ഞത് 50 പേരെങ്കിലും ഫുള്‍ ജാര്‍ സോഡ കുടിക്കാനെത്തുമെന്ന് മില്‍കി കഫ്റ്റീരിയ മാനേജിങ് പാട്ണര്‍ മാരായ ഫായിസ്, ഗഫൂര്‍ എടപ്പാള്‍, റജീദ് പട്ടോളി എന്നിവര്‍ പറഞ്ഞു.നോമ്പ് മുറിച്ചു കഴിഞ്ഞു ആശ്വാസം തേടിയെത്തുന്നവരാണ് ഫുള്‍ ജാര്‍ സോഡയുടെ ആവശ്യക്കാരില്‍ കൂടുതലും.നോമ്പ് മുറിച്ചു കഴിഞ്ഞാലാണ് ഇതിനുള്ള തിരക്ക് കൂടുതല്‍.മുമ്പ് കുലുക്കി സര്‍ബത്തിന് ഉണ്ടായിരുന്നതിനേക്കാള്‍ പ്രിയം ഫുള്‍ ജാര്‍ സോഡക്കുണ്ടെന്ന് ഫായിസ് വ്യക്തമാക്കി.

നോമ്പ്മാസം കഴിഞ്ഞാല്‍ ഇതിനായി ആവശ്യക്കാര്‍ കൂടുമെന്നാണ് ഇവരുടെ പ്രതീക്ഷ. സാദാ നാരങ്ങാ സോഡ തയ്യാറാക്കുന്നതുപോലെയാണ് ഫുള്‍ ജാര്‍ സോഡയും ഉണ്ടാക്കുന്നത്. നാരങ്ങ, ഉപ്പ്, പുതിനയില എന്നിവക്കൊപ്പം കടക്കാര്‍ വെളിപ്പെടുത്താത്ത ഒരു രഹസ്യക്കൂട്ടും ചേര്‍ത്താണ് ഫുള്‍ ജാര്‍ സോഡ തയ്യാറാക്കുന്നത്. ഏറെ രുചികരമായ ഫുള്‍ ജാര്‍ ഗ്ലാസിലേക്ക് സോഡ പകരുമ്പോള്‍ വലിയതോതില്‍ നുരഞ്ഞുപതയുന്നുവെന്നതാണ് വ്യത്യസ്തമാക്കുന്നത്.

മഗ് പോലെ അല്‍പം വലുപ്പമുള്ള ഒരു ഗ്ലാസും ചെറിയൊരു ചില്ലു ഗ്ലാസുമാണ് ഉത്തമം. ചെറിയ ഗ്ലാസില്‍ ആദ്യം ഒരു നാരങ്ങയുടെ നീരും അര സ്പൂണ്‍ ഉപ്പും അതിലേക്കു കാല്‍ ടീ സ്പൂണ്‍ വീതം കാന്താരി മുളക്, പുതിന, ഇഞ്ചി കുഴമ്പുകളും ചേര്‍ക്കുന്നു. ഇതിനു മുകളില്‍ ഗ്ലാസ് നിറയും വരെ പഞ്ചസാര ലായനി ഒഴിച്ച് ഇളക്കും. ഇനി വലിയ ഗ്ലാസില്‍ മുക്കാല്‍ ഭാഗം സോഡയും അതിലേക്ക് അല്‍പം നാരങ്ങാനീരും ആവശ്യമുള്ളത്ര കസ്‌കസും ചേര്‍ക്കും. ഈ രണ്ടു ഗ്ലാസുകളും കുടിക്കാനെത്തുന്നവര്‍ക്കു കൈമാറുന്നു. ചെറിയ ഗ്ലാസ് വലിയ ഗ്ലാസിലെ സോഡയിലേക്ക് ഇടുന്ന ചടങ്ങാണു തുടര്‍ന്ന്. ഇതോടെ നുരഞ്ഞുതുളുമ്പി ഗ്ലാസിനു പുറത്തേക്കൊഴുകുന്ന പാനീയം ഒറ്റവലിക്കു കുടിച്ചു തീര്‍ക്കുന്നതാണു ഫുള്‍ജാറിന്റെ ത്രില്‍.

 

Latest