Science
പശ്ചിമഘട്ട വനമേഖലകളിൽ വിരുന്നെത്തിയ കിളികൾ ദേശാടനം തുടങ്ങി

കൽപ്പറ്റ: മഴക്കാലമാരംഭിക്കുന്നതിന് മുന്നോടിയായി പശ്ചിമഘട്ട വനമേഖലകളിൽ വിരുന്നെത്തിയ പക്ഷികളും പ്രജനനത്തിന്നായി ദേശാടനം ആരംഭിച്ചു. വയനാടൻ കാടുകളിൽ കാണപ്പെടുന്ന കരിങ്കിളി, മേനിപ്പാറക്കിളി, നീലചെമ്പൻ പാറ്റപിടിയൻ തുടങ്ങിയപക്ഷി വർഗത്തിൽപ്പെട്ട കിളികളാണ് ഇത്തരത്തിൽ ദേശാടനം നടത്തുന്നത്. ഈ പക്ഷികൾ പ്രജനനത്തിനായി ഹിമാലയം, തെക്കൻ ചൈന, സൈബീരിയ എന്നിവിടങ്ങളിലേക്കാണ് ദേശാടനം നടത്തുന്നത്.
മെയ് മധ്യത്തോടെ ദേശാടനം ആരംഭിച്ച ഈ കിളികൾ മഴക്കാലം മാറുന്ന ആഗസ്റ്റ് മാസത്തോടെ തിരികെ വീണ്ടും പശ്ചിമഘട്ട കാടുകളിലേക്ക് എത്തിച്ചേരും. സാധാരണ ഗതിയിൽ മണൽകോഴി, നീർക്കാട, പച്ചക്കാലി തുടങ്ങിയ വർഗത്തിൽപെടുന്ന നീർപക്ഷികൾ മാത്രമാണ് ദേശാടനം നടത്തുന്നുള്ളൂവെന്നാണ് കരുതിയിരുന്നത്. എന്നാൽ അടുത്തകാലത്തായി കേരളമുൾപ്പെടുന്ന പശ്ചിമഘട്ട വനമേഖലകളിൽ നടത്തിയ പഠനത്തിലാണ് നീർപക്ഷിക്കൊപ്പം മറ്റുപക്ഷികളും ദേശാടനം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ വിരുന്നെത്തുന്ന പക്ഷിവർഗങ്ങളധികവും കേരളമുൾപ്പെടുന്ന പശ്ചിമഘട്ട വനമേഖലകളിലാണ് കാണപ്പെടുന്നതെന്നും കണ്ടെത്തിയിരുന്നു. 88 ഒാളം വർഗത്തിൽപെട്ട പക്ഷികളാണ് ദേശാടനം നടത്താറ്. ഇതിൽ 40 എണ്ണം മാത്രമേ നീർപക്ഷി വിഭാഗത്തിൽപെടുന്നവയുള്ളൂവെന്നും ബാക്കി 48 ഇനങ്ങളും മറ്റ് പക്ഷിവർഗത്തിൽപെട്ടവയാണെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു.
പശ്ചിമഘട്ടമേഖലയിൽപെടുന്ന വയനാട് വന്യജീവിസങ്കേതത്തിൽ വേനലാരംഭത്തിൽ തീറ്റയും വെള്ളവും തേടിയെത്തിയ ആന, കാട്ടുപോത്തുൾപ്പടെയുള്ള സസ്തനികൾ അവയുടെ ജന്മസ്ഥലങ്ങളിലേക്ക് തിരികെ പോകുന്ന സമയമാണിത്. ഇതേ സമയത്താണ് വിരുന്നെത്തിയ പക്ഷികളും ദേശാടനം നടത്തുന്നത്.
വയനാടൻ കാടുകളിൽ വിരുന്നെത്തുന്ന പക്ഷികളുടെ ഭക്ഷണം ചെറുകീടങ്ങളാണ്. അതുകൊണ്ടുതന്നെ വനത്തിനകത്തെ കീടങ്ങളുടെ ശല്യം തുലനം ചെയ്തുനിർത്തുന്നതിനും ഇവയുടെ സാന്നിധ്യം വളരെ വലുതാണ്. വയനാടൻ കാടുകൾക്കുണ്ടാകുന്ന ചെറിയ ശോഷണം പോലും ഇത്തരം പക്ഷികളുടെ ദേശാടനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. വയനാടൻ കാടുകളെ ശബ്ദമുഖരിതമാക്കിയിരുന്ന പക്ഷികളുടെ ദേശാടനം മഴക്കാലത്ത് ഈ കാടുകൾ നിശബ്ദമാകും.