Connect with us

Business

മഞ്ഞലോഹം തിളങ്ങുന്നു

Published

|

Last Updated

കൊച്ചി: ആഭരണ വിപണികളിൽ സ്വർണ വില പവന് 440 രൂപ ഉയർന്നു. 23,720 രൂപയിൽ വിൽപ്പനയാരംഭിച്ച പവൻ ശനിയാഴ്ച 24,160 ലാണ്. ഗ്രാമിന് വില 3020 രൂപ. അന്താരാഷ്ട്ര മാർക്കറ്റിൽ സ്വർണ വില വീണ്ടും കയറി. 1284 ഡോളറിൽ നിന്ന് 1,302 ഡോളറിലെ നിർണായക പ്രതിരോധം തകർത്ത് 1,307 ഡോളർ വരെ കയറിയ ശേഷം ക്ലോസിംഗിൽ 1,304 ഡോളറിലാണ്. 1,273 ഡോളറിലെ താങ്ങ് നിലനിർത്തി മുന്നേറുന്ന സ്വർണത്തിന് 1,322 ഡോളറിലെ ആദ്യ തടസ്സം ഭേദിച്ചാൽ 1,344 ഡോളർ വരെ മുന്നേറാം. ഇതിനിടയിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഇടിഞ്ഞാൽ പവൻ റെക്കോർഡ് പ്രകടനങ്ങൾക്ക് ആവശ്യമായ കുരുത്ത് കണ്ടെത്താൻ ശ്രമം നടത്തും. 24,640 രൂപയാണ് റെക്കോർഡ് വില.

കൊച്ചി, കോട്ടയം വിപണികൾ റബർ ക്ഷാമം രുക്ഷം. വ്യവസായികൾ നിരക്ക് ഉയർത്തിയിട്ടും സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാനായില്ല. ഉത്പാദന മേഖലയിൽ റബ്ബർ സ്റ്റോക്ക് ചുരുങ്ങിയതാണ് വരവ് കുറയാൻ കാരണം. മുഖ്യ വിപണികളിൽ നാലാം ഗ്രേഡ് 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200 രൂപയിലുമാണ്. ലാറ്റക്‌സ് 9,100 രൂപയിലുമാണ്. കാലവർഷം കേരളത്തിലേക്ക് അടുത്തിട്ടും റബർ ടാപ്പിംഗിന് വേണ്ട ഒരുങ്ങൾക്ക് കർഷകർ താത്പര്യം കാണിച്ചില്ല. മഴയിൽ റബ്ബർ വെട്ട് തടസ്സപ്പെടാതിരിക്കാൻ റെയിൻ ഗാർഡുകൾ ഒരുക്കുന്ന സമയമാണിത്. ചില ഭാഗങ്ങളിൽ ചെറുകിട കർഷകർ റബർ വെട്ടിന് തുടക്കം കുറിച്ചെങ്കിലും വിപണിയിലെ ചരക്ക് ക്ഷാമം തുടരും.

കുരുമുളകിന് ആവശ്യക്കാരെത്തിയത് ഉത്പന്ന വില ഉയർത്തി. ചെറുകിട കർഷകരാണ് ചരക്ക് ഇറക്കിയത്. കേരളത്തിലും കർണാടകത്തിലും വിളവെടുപ്പ് പുർത്തിയായെങ്കിലും പിന്നിട്ട മാസങ്ങളിൽ കാര്യമായി മുളക് വിൽപ്പനക്ക് ഇറങ്ങിയില്ല. വരൾച്ച മൂലം ഉത്പാദനം 50 ശതമാനം കുറവാണ്. ഇതും ചരക്ക് നീക്കം കുറയാൻ ഇടയാക്കി. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5,550 ഡോളറാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 35,200 രൂപ.
റമസാൻ ആഘോഷങ്ങൾ കഴിയുന്നതോടെ ഏലത്തിന് ആഭ്യന്തര വിദേശ ആവശ്യകാർ എത്തും. വിദേശ ഡിമാണ്ടിൽ മെയ് ആദ്യം കിലോ 4,000 രൂപ വരെ ഉയർന്ന ഏലക്ക പിന്നിട് തളർച്ചയിൽ അകപ്പെട്ടു. പോയവാരം മികച്ചയിനം കിലോ 2,800 രൂപയിൽ നീങ്ങി. ലേല കേന്ദ്രങ്ങളിൽ ലഭ്യത ചുരുങ്ങിയിട്ടും നിരക്ക് ഉയരാഞ്ഞത് സ്റ്റോക്കിസ്റ്റുകളിൽ ആശങ്കയുളവാക്കി.

സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നു. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ പച്ചതേങ്ങ, കൊപ്ര വരവ് മുൻവാരങ്ങളെ അപേക്ഷിച്ച് ഉയർന്നു. മാസാരംഭമായതിനാൽ ലോക്കൽ മാർക്കറ്റുകളിൽ വെളിച്ചെണ്ണ വിൽപ്പന ഈ വാരം ഉയരാം. കൊച്ചിയിൽ വെളിച്ചെണ്ണക്ക് 300 രൂപ കുറഞ്ഞ് 12,900 രൂപയായി. കൊപ്ര 8,800ത്തിൽ നിന്ന് 8,635 രൂപയായി.

---- facebook comment plugin here -----

Latest