Connect with us

National

ഹിന്ദി നമ്മുടെ മാതൃഭാഷയല്ല, അടിച്ചേല്‍പ്പിക്കരുത്; പ്രതിഷേധവുമായി രാജ് താക്കറെയുടെ പാര്‍ട്ടിയും

Published

|

Last Updated

മുംബൈ: മുഴുവന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ഭാഷ നിര്‍ബന്ധമാക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയ കരടിനെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്)യും. ഹിന്ദി നമ്മുടെ മാതൃഭാഷയല്ലെന്നും അത് അടിച്ചേല്‍പ്പിക്കരുതെന്നും സംസ്ഥാന നേതാവും സംഘടനാ വക്താവുമായ അനില്‍ ഷിദോറിനെ ഉദ്ധരിച്ച് എം എന്‍ എസിന്റെ ഔദ്യോഗിക ട്വിറ്റര്‍ വ്യക്തമാക്കി. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനിടെയാണ് എം എന്‍ എസും നിലപാട് അറിയിച്ചത്.

ഹിന്ദി സംസാര ഭാഷയല്ലാത്ത മുഴുവന്‍ സംസ്ഥാനങ്ങളിലും ഹിന്ദി നിര്‍ബന്ധിത പാഠ്യവിഷയമാക്കാനുള്ള മാനവ വിഭവശേഷി വകുപ്പുമായി ബന്ധപ്പെട്ട സമിതിയുടെ ശിപാര്‍ശയില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരുന്നു. കരടു രേഖ തയാറാക്കുക മാത്രമാണ് ചെയ്തതെന്നും ഇത് നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഒരു ഭാഷയും ആരിലും അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

തമിഴ്നാട്ടിലെ ഡി എം കെ, സി പി ഐ, ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യ കക്ഷിയായ പി എം കെ ഉള്‍പ്പടെയുള്ള രാഷ്ട്രീയ കക്ഷികള്‍ ശിപാര്‍ശക്കെതിരെ ശക്തമായി രംഗത്തു വരികയും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തതോടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്.