അഞ്ച് മാസത്തിനിടെ കശ്മീരില്‍ കൊല്ലപ്പെട്ടത് 101 തീവ്രവാദികള്‍

Posted on: June 2, 2019 6:57 pm | Last updated: June 2, 2019 at 9:41 pm

ശ്രീനഗര്‍: ഇക്കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഭീകര വിരുദ്ധ നടപടികളില്‍ കശ്മീരില്‍ 101 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. ഇവരില്‍ 23 പേര്‍ വിദേശികളാണ്. പുല്‍വാമ, ഷോപിയാന്‍, കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളിലാണ് ഏറെയും പേര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കു പകരമായി കൂടുതല്‍ യുവാക്കള്‍ വിവിധ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

2017ല്‍ 57 ഭീകരരെ സേന കൊലപ്പെടുത്തിയെങ്കില്‍ 2018ല്‍ 70 പേരാണ് കൊല്ലപ്പെട്ടത്. 2019 മേയ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23 വിദേശ തീവ്രവാദികളും 78 പ്രാദേശിക തീവ്രവാദികളും ഉള്‍പ്പെടെ 101 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ അല്‍ഖായിദ ബന്ധമുള്ള ഭീകരവാദ സംഘടനയായ അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാക്കിര്‍ മൂസ പോലുള്ളവരും ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടത് കശ്മീരിലെ ഷോപിയാനിലാണ്. 16 പ്രാദേശിക ഭീകരവാദികള്‍ ഉള്‍പ്പെടെ 25 പേരാണ് ഇവിടെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പുല്‍വാമയില്‍ 15 പേരും അവന്തിപ്പുരില്‍ 14 ഉം തെക്കന്‍ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്.ഭീകരവാദത്തെ കശ്മീരില്‍ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ് സേനയിലെ ഉദ്യോഗസ്ഥര്‍. ഭീകര വിരുദ്ധ നയങ്ങളില്‍ കൃത്യമായ മാറ്റം വരുത്തുക .തീവ്ര ആശയങ്ങളില്‍ നിന്ന് മാറി ചിന്തിക്കാന്‍ യുവാക്കള്‍ളെ പിന്തിരിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ നടപടികള്‍ക്കൊരുങ്ങുകയാണ് സേന.