Connect with us

Kerala

എ പി അബ്ദുല്ലക്കുട്ടിക്കെതിരെ കോണ്‍ഗ്രസിന്റെ അച്ചടക്ക നടപടി ഉടന്‍

Published

|

Last Updated

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പി സര്‍ക്കാറിനും പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുല്ലക്കുട്ടിക്കെതിരെ നടപടി ഉറപ്പായി. അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് എ ഐ സി സി അനുമതി നല്‍കി. കെ പി സി സി നേതൃത്വം ഉടന്‍ തന്നെ അബ്ദുല്ലക്കുട്ടിയെ പുറത്താക്കിക്കൊണ്ടുള്ള നടപടി പ്രഖ്യാപിച്ചേക്കും.

മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തിരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുതെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടിയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വി എം സുധീരന്‍, കെ മുരളീധരന്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അബദുല്ലക്കുട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

വിമര്‍ശനത്തിനെതിരെ പിന്നീട് പ്രതികരിച്ചപ്പോഴും നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നാണ് അബ്ദുല്ലക്കുട്ടി പറഞ്ഞത്. മാത്രമല്ല വി എം സുധീരന് തന്നോട് ശത്രുതയാണെന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സുധീരന്‍ ശ്രമിച്ചതായുമെല്ലാം അബ്ദുല്ലക്കുട്ടി ആരോപിച്ചിരുന്നു. കൂടാതെ ചില നേതാക്കള്‍ ബി ജെ പിയില്‍ ചേരുമെന്ന് നേതൃത്വത്തെ ഭീഷണിപ്പെടുത്തിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ഒപ്പിച്ചതെന്നും അവരില്‍ ചിലര്‍ ജയിച്ചതായും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഇനിയും പറയാനുണ്ടെന്ന് അബ്ദുല്ലക്കുട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

അബ്ദുല്ലക്കുട്ടിയുടെ ഈ നടപടിയുടെയെല്ലാം അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി സി സി കെ പി സി സിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അബ്ദുല്ലക്കുട്ടിയോട് കെ പി സി സി വിശദീകരണം ആവശ്യപ്പെടുകയും നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇനി പുറത്താക്കിക്കൊണ്ടുള്ള നടപടി വരുന്നതെന്നാണ് റിപ്പോര്‍ട്ട്. അബ്ദുല്ലക്കുട്ടിയെ പുറത്താക്കുമെന്ന് കെ പി സി സി നേതൃത്വം കണ്ണൂര്‍ ഡി സി സിയെ അറിയിച്ചു കഴിഞ്ഞതായാണ് വിവരം.

Latest