Connect with us

Kerala

ബാലഭാസ്‌കറിന്റെ മരണം: സ്വര്‍ണക്കടത്തു കേസിലെ പ്രതിക്ക് ബന്ധമുണ്ടോയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈം ബ്രാഞ്ച് നീക്കം. സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രകാശന്‍ തമ്പി. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നു തമ്പിക്ക് ബാലഭാസ്‌കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍, അപകടവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയുന്നതിനാണ് നിര്‍ണായക തീരുമാനം.

സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടായിരുന്നുവെന്നും മകന്റെ മരണത്തിലേക്കു നയിച്ച അപകടത്തിനു പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പിതാവ് കെ സി ഉണ്ണി ആരോപിച്ചിരുന്നു. പാലക്കാട്ടെ ഒരു ഡോക്ടറുമായുള്ള മകന്റെ സാമ്പത്തിക ഇടപാടുകളും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

ബാലഭാസ്‌കറിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജുന്റെ സുഹൃത്താണ് വിഷ്ണു. കോളജ് കാലം മുതല്‍ ബാലഭാസ്‌കറിന്റെ കൂട്ടുകാരന്‍ കൂടിയാണ് ഇയാള്‍. നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ കാന്റീന്‍ നടത്തിയിരുന്ന പ്രകാശന്‍ തമ്പിയെ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബാലഭാസ്‌കര്‍ പരിചയപ്പെട്ടത്. ഇയാള്‍ ജിമ്മിലെ പരിശീലകനാണെന്നു പറഞ്ഞിരുന്നുവെങ്കിലും തടിച്ച ശരീരപ്രകൃതമുള്ള ആളായതിനാല്‍ അത് വിശ്വാസയോഗ്യമല്ല. വിഷ്ണുവും തമ്പിയുമെല്ലാം പതിവായി വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും എന്നാല്‍, ബാലഭാസ്‌കറിന്റെ മരണ ശേഷം ആരും വരാറില്ലെന്നും ഉണ്ണി വ്യക്തമാക്കി.

വിഷ്ണുവും തമ്പിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതോടെയാണ് ഇവരെയെല്ലാം ചോദ്യം ചെയ്യാനുള്ള നീക്കം ക്രൈം ബ്രാഞ്ച് ആരംഭിച്ചത്. അര്‍ജുനെയും അപകടത്തിന് ദൃക്‌സാക്ഷികളായവരെയും വീണ്ടും ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ചിനു പദ്ധതിയുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി ആര്‍ ഐയില്‍ നിന്ന് പ്രതികളുടെ വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. വിഷ്ണു ഇടക്കിടെ വിദേശയാത്ര നടത്തിയിരുന്നതിന്റെ തെളിവുകള്‍ ഡി ആര്‍ ഐ ക്രൈം ബ്രാഞ്ചിനു നല്‍കി.

സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നുവെന്നും പിതാവ് കെ സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ലെന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാദം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കറും മകളും വാഹനാപകടത്തില്‍ മരിച്ചത്.