യൂറോപ്പിന്റെ കരള്‍ കവര്‍ന്ന് ലിവര്‍പൂള്‍; സ്വന്തമാക്കിയത് ചാമ്പ്യന്‍സ് ലീഗിലെ ആറാം കിരീടം

Posted on: June 2, 2019 9:49 am | Last updated: June 2, 2019 at 2:17 pm

മാഡ്രിഡ്: എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍. അതിലൊന്ന് കളി തുടങ്ങി രണ്ടാം മിനുട്ടില്‍. കലാശക്കളിക്കു മുമ്പുള്ള മത്സരങ്ങളില്‍ ടോട്ടല്‍ ഫുട്‌ബോളിന്റെ വീറുറ്റ പ്രകടനം കാഴ്ചവച്ച ടോട്ടനത്തിന് ക്ലോപ്പിന്റെ ചെമ്പടക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിന്റെ ചിറകരിഞ്ഞ് ലിവര്‍പൂള്‍ കൊത്തിപ്പറന്നത് ആറാം കിരീടം. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കപ്പിനരികിലെത്തിയിട്ടും സ്വന്തമാക്കാന്‍ പോയതിന്റെ നിരാശയെ കൂടിയാണ് ലിവര്‍പൂള്‍ മറികടന്നത്.

അത്‌ലറ്റികോ മാഡ്രിഡിന്റെ തട്ടകമായ എസ്‌റ്റേദിയോ മെട്രോപൊളിറ്റാനോയില്‍ കളി തുടങ്ങി ഒരു മിനുട്ടിനുള്ളില്‍ തന്നെ ടോട്ടനത്തിന്റെ പെനാല്‍ട്ടി ബോക്‌സില്‍ ഗോള്‍ മണത്തു. ഗോള്‍ വലയത്തിലേക്കു പറന്ന സാദിയോ മാനേയുടെ കിക്ക് ടോട്ടനത്തിന്റെ മൂസ സിസോക്കോ പ്രതിരോധിച്ചത് കൈകൊണ്ട്. പെനാല്‍ട്ടി ബോക്‌സിലേക്ക് ചൂണ്ടിയ വിരലുമായി റഫറിയുടെ വിസിലുയര്‍ന്നു. മുഹമ്മദ് സലയുടെ വിദഗ്ധമായ കിക്ക് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനകത്തേക്ക്. ടോട്ടനത്തെ ടോട്ടലി സമ്മര്‍ദത്തിലാക്കിയ ഗോള്‍ (1-0).

ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഗോളിന്റെ പിറവി കൂടിയായിരുന്നു ഇത്. 2005ല്‍ പൗലോ മല്‍ദീനിയുടെതിനു ശേഷം ടൂര്‍ണമെന്റ് കണ്ട അതിവേഗ ഗോള്‍. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഗോള്‍ നേടുന്ന ആദ്യ ഈജിപ്തുകാരന്‍, അഞ്ചാമത്തെ ആഫ്രിക്കന്‍ താരം എന്നീ ബഹുമതികള്‍ സലക്കു നേടിക്കൊടുത്ത ഗോള്‍ കൂടിയായി ഇതു മാറി. റബഹ് മജര്‍, സാമുവല്‍ എറ്റു, ദിദിയര്‍ ദ്രോഗ്ബ, സദിയോ മനേ എന്നിവരാണ് ചാമ്പ്യന്‍സ് ലീഗില്‍ ഇതിനു മുമ്പ് ഗോള്‍ നേടിയിട്ടുള്ള ആഫ്രിക്കക്കാര്‍.

കിട്ടിയ മുന്‍തൂക്കം പ്രതിരോധത്തിലൂടെ നിലനിര്‍ത്താന്‍ വിയര്‍ക്കുന്ന ലിവര്‍പൂളിനെയാണ് പിന്നീട് കണ്ടത്. ഗോള്‍ മടക്കാനുള്ള ടോട്ടനത്തിന്റെ ശ്രമങ്ങളെല്ലാം ലിവര്‍പൂളിന്റെ പ്രതിരോധ മതിലില്‍ തട്ടിത്തകര്‍ന്നു. ഒന്നാം പകുതിയില്‍ പകുതിയിലധികം സമയം പന്ത് വരുതിയിലുണ്ടായിട്ടും ഫിനിംഷിംഗിലേക്കെത്തിക്കാന്‍ ടോട്ടനത്തിന് സാധിച്ചില്ല. ആദ്യ ഗോളിനു ശേഷം വിരസമായ ഒന്നാം പകുതി അങ്ങനെ അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയില്‍ ഇരു ടീമുകളുടെയും പരിശീലകര്‍ വരുത്തിയ ചില മാറ്റങ്ങള്‍ കളി ആവേശത്തിലാക്കി. ടോട്ടനം ഒരുപടി കൂടി മികച്ചു നിന്നെങ്കിലും എതിരാളികളുടെ പ്രതിരോധ ദുര്‍ഗം മറികടക്കാനായില്ല. രണ്ടാം മിനുട്ടിലെ ഗോളിന്റെ മാത്രം ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ കിരീടം സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു രണ്ടാം ഗോള്‍ ടോട്ടനത്തിന്റെ വലയില്‍ പതിച്ചത്. കളിയവസാനിക്കാന്‍ മൂന്നു മിനുട്ട് മാത്രം ശേഷിക്കെയായിരുന്നു ടോട്ടനത്തിന്റെ അന്തിമ വിധിയെഴുതിയ ആ ഗോള്‍. ഫിര്‍മിന്യോയുടെ പകരക്കാരനായി കളത്തിലിറങ്ങിയ ദിവോക് ഒറിജിയാണ് സുന്ദരമായൊരു ഷോട്ടിലൂടെ ടോട്ടനത്തിന്റെ വല കുലുക്കിയത്. കോര്‍ണറില്‍ നിന്ന് വന്ന പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു ഒറിജി (2-0).