രാജ്യത്ത് വര്‍ഷത്തില്‍ പാഴാക്കുന്നത് 30 ലക്ഷം ടണ്‍ ഭക്ഷണം

Posted on: June 1, 2019 9:39 pm | Last updated: June 1, 2019 at 9:39 pm

ദുബൈ: യു എ ഇയില്‍ പ്രതിവര്‍ഷം 1,300 കോടി ദിര്‍ഹമിന്റെ ഭക്ഷണ പദാര്‍ഥങ്ങള്‍ പാഴാക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 30 ലക്ഷം ടണ്‍ ഭക്ഷ്യസാധനങ്ങളാണ് പാഴാകുന്നതെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. മൊത്തം പാഴാകുന്ന ഭക്ഷണ സാധനങ്ങളില്‍ 30 ശതമാനവും റമസാനില്‍ മാത്രമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണം പാഴാക്കുന്നതിനെതിരെ ശക്തമായ ബോധവത്കരണം സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും നടത്തേണ്ടതുണ്ട്. ഭക്ഷ്യസാധനങ്ങള്‍ പാഴാക്കുന്നത് കുറച്ചുകൊണ്ടുവരാന്‍ പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ടെന്നും ചില നിയമ നടപടികള്‍ കൈകൊള്ളുന്നുണ്ടെന്നും യു എ ഇ റെഡ്രക്രസന്റ് വക്താക്കള്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തിനിടെ അല്‍പം പോലും ഭക്ഷണം പാഴാകാത്ത സാഹചര്യങ്ങളുണ്ടാക്കിയെടുക്കാനാണ് നീക്കം നടത്തുന്നതെന്നും റെഡ് ക്രസന്റ് പ്രതിനിധികള്‍ സൂചിപ്പിച്ചു.
റമസാനില്‍ നോമ്പുതുറ വിഭവങ്ങളായി രാജ്യത്ത് ഉണ്ടാക്കുന്ന സാധനങ്ങളില്‍ 47 ശതമാനവും ചവറ്റുകൊട്ടയില്‍ തള്ളുകയാണെന്ന് അന്വേഷണം വെളിപ്പെടുത്തുന്നു. ഇതുകൊണ്ടുതന്നെ രാജ്യത്ത് പ്രതിവര്‍ഷം പാഴാകുന്ന മൊത്തം ഭക്ഷണ സാധനങ്ങളില്‍ 30 ശതമാനവും റമസാനില്‍ മാത്രമാണെന്ന് കണക്കാക്കപ്പെടുന്നത്. ഉപയോഗിക്കാതെ പാഴാകുന്ന ഭക്ഷണ സാധനങ്ങള്‍ പരമാവധി ശേഖരിക്കാനും അര്‍ഹരിലേക്കെത്തിക്കാനും ശ്രമം നടത്തുമെന്നും യു എ ഇ റെഡ് ക്രസന്റിലെ ഉന്നത ഉദ്യോഗസ്ഥനായ സുല്‍ത്താന്‍ അല്‍ ശിഹി അറിയിച്ചു.