ബാലഭാസ്‌കറിന്റെ അപകട മരണം: സംഭവസ്ഥലത്തുനിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടതായി വെളിപ്പെടുത്തല്‍

Posted on: June 1, 2019 9:15 pm | Last updated: June 1, 2019 at 9:15 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദൃകാസാക്ഷി. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരാള്‍ ഒരാള്‍ ഓടിപ്പോകുന്നതു കണ്ടെന്ന് മിമിക്രി കലാകാരനായ കലാഭവന്‍ സോബി വെളിപ്പെടുത്തി. അപകടം നടന്നു പത്തുമിനിറ്റിനുള്ളില്‍ അവിടെ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടതെന്ന് സോബി പറയുന്നു.

സംഭവം നടന്നു പത്തു മിനിറ്റിനുള്ളില്‍ അപകടം നടന്ന സ്ഥലത്തിന് അടുത്തുകൂടി 25 വയസിനടുത്തുള്ള ഒരാള്‍ ഓടിപ്പോകുന്നതു കണ്ടു. ഇയാള്‍ തടിച്ചയാളാണ്. മറ്റൊരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു കാലുകൊണ്ടു തുഴഞ്ഞുപോകുന്നതും കണ്ടു. ഇയാള്‍ മെലിഞ്ഞയാളാണ്. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വാഹനം വിളിക്കാനാണ് ഇയാള്‍ ഓടുന്നതെന്നാണ് ആദ്യം കരുതിയത്. അതിനായി താന്‍ വണ്ടി സ്ലോ ആക്കിയെങ്കിലും ഇയാള്‍ പിന്നെയും ഓടുകയായിരുന്നു. പിന്നീടാണ് അപകടത്തില്‍പ്പെട്ടതു ബാലഭാസ്‌കറാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം സുഹൃത്തായ ഗായകന്‍ മധുബാലകൃഷ്ണനെ അറിയിച്ചു. മധു ബാലകൃഷ്ണന്‍ പ്രകാശ് തമ്പിയുടെ ഫോണ്‍ നമ്പര്‍ തന്നു. കണ്ട കാര്യങ്ങളെല്ലാം പ്രകാശ് തമ്പിയോട് പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും സോബി പറയുന്നു. ബാലഭാസ്‌കറുമായി അടുപ്പമുള്ള രണ്ടുപേര്‍ സ്വര്‍ണക്കടത്തുമായി പിടിയിലായതോടെയാണ് ഇക്കാര്യത്തില്‍ സംശയം തോന്നിയതെന്നും സോബി വെളിപ്പെടുത്തി.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള രണ്ടുപേര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറുമായി പരിചയമുള്ള പ്രകാശന്‍ തമ്പിക്കും വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുള്ളത്. ഇതേത്തുടര്‍ന്നു പ്രകാശന്‍ തമ്പിയെ ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ബാലഭാസ്‌കറുമായുണ്ടായിരുന്ന ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളും മരണത്തിലെ ദുരൂഹതയും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പ്രോഗ്രാം മാനേജറായിരുന്നുവെന്നും വിഷ്ണു ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജര്‍ ആയിരുന്നുവെന്നും പിതാവ് കെ സി ഉണ്ണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ ആയിരുന്നില്ലെന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ വാദം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കറും മകളും വാഹനാപകടത്തില്‍ മരിച്ചത്.