ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രന്‍

Posted on: June 1, 2019 3:49 pm | Last updated: June 1, 2019 at 4:35 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് പ്രാദേശിക സ്ഥാനാര്‍ഥികള്‍ക്ക് അവസരം നല്‍കണമെന്നാണ് തന്റെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെ ഇനി മത്സരിക്കില്ലെന്ന് തീരുമാനിച്ചതെന്നും ഒരു സ്വകാരന്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.
ആറ് മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍കാവ്, കോന്നി, അരൂര്‍, എറണാകുളം,പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.

മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുറസാഖ് അന്തരിച്ച സാഹചര്യത്തിലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെുപ്പ് നടക്കാന്‍ പോകുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. അബ്ദുറസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത് സുരേന്ദ്രന്‍ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.