കാലവര്‍ഷം ആറിനെത്തും: ഈ മാസം മഴ ലഭിക്കുക ശരാശരിയിലും താഴെ

Posted on: June 1, 2019 12:30 pm | Last updated: June 1, 2019 at 1:41 pm

തിരുവനന്തപുരം: നേരത്തെ പ്രവചിച്ചത് പോലെ ഈ മാസം ആറിന് തന്നെ കേരളത്തില്‍ കാലവര്‍ഷമെത്തും. എന്നാല്‍ പ്രതീക്ഷിച്ചതിലും വളരെ കുറച്ച് മഴ മാത്രമേ ജൂണില്‍ ലഭിക്കൂവെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേസമയം ആഗസ്ത്, സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്നും കാലാവസ്ഥ വിഭാഗം പറയുന്നു. ജൂലൈയില്‍ ശരാശരി മഴ ലഭിക്കാനും സാധ്യത ഉള്ളതായി പറയുന്നു.

കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യയില്‍ ഇത്തവണ കാലവര്‍ഷം സാധാരണ നിലയില്‍ ആയിരിക്കും. രാജ്യത്തും ഇത്തവണ സാധാരണ നിലയിലുള്ള കാലവര്‍ഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചനം.

അതേസമയം കേരളത്തില്‍ ഇക്കുറി വേനല്‍ മഴയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 55 ശതമാനത്തിന്റെ കുറവാണ് വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ 379.7 മില്ലിമീറ്റര്‍ മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ആകെ പെയ്തത് 170.7 മില്ലിമീറ്റര്‍ മാത്രം. കേന്ദ്ര കാലാവസ്ഥ വകുപ്പ് മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെയുള്ള ദിവസങ്ങളാണ് വേനല്‍ മഴക്കാലമായി കണക്കാക്കുന്നത്.