Connect with us

Kerala

ബാലഭാസ്‌ക്കറിന്റെ മരണം: സ്വര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് തെളിവെടുത്തു

Published

|

Last Updated

തിരുവനന്തപുരം: വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി ആര്‍ ഐ ഉദ്യോഗസ്ഥരില്‍ നിന്ന് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ചില സംശയങ്ങള്‍ അച്ചന്‍ അടക്കമുള്ള ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ചിലരെ ഇവര്‍ സംശയത്തിലും നിര്‍ത്തുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതരായ പ്രതികള്‍ക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തെളിവെടുപ്പ്.

ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററായ പ്രകാശ് തമ്പിയെ ഡി ആര്‍ ഐ സ്വര്‍ണക്കടത്തില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രധാന പ്രതി വിഷ്ണുവാണ് ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ സി ഉണ്ണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൈം ബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചത്.

പാലക്കാടുള്ള ആശുപത്രി ഉടമയുടെ പേരിലും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോര്‍ഡിനേഷന്‍ ജോലികള്‍ക്കിടെ വിദേശയാത്രകള്‍ നടത്തിയിരുന്നതായാണ് ആരോപണം. അപകടം നടന്ന ദിവസം എവിടെ എത്തി എന്ന് തിരക്കി ബാലഭാസ്‌കറിന്റെ ഫോണിലേക്ക് നിരന്തരം കോളുകള്‍ വന്നിരുന്നുവെന്നും അപകടത്തിന് ശേഷം ആശുപത്രിയില്‍ ആദ്യം എത്തിയത് പ്രകാശ് തമ്പിയാണെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ തുടര്‍ന്ന് വീട്ടുകാരുമായി ഇവര്‍ വലിയ അടുപ്പം കാണിച്ചില്ല എന്നതാണ് സംശയത്തിന് ഒരു കാര്യമായി പറയുന്നത്. ബാലഭാസ്‌കറിന്റെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് സുഹൃത്തുക്കള്‍ക്ക് ആയിരുന്നുവെന്നും അച്ഛന്‍ കെ സി ഉണ്ണിയുടെ പരാതിയിലുണ്ട്.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രകാശ് തമ്പി,വിഷ്ണു എന്നിവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലായിരുന്നുവെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമേ ഇവര്‍ നടത്തിയിരുന്നുള്ളൂ എന്നുമാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ പ്രതികരണം. കോര്‍ഡിനേഷന്‍ ജോലികള്‍ക്കുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി ബാലഭാസ്‌കറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു.

 

---- facebook comment plugin here -----

Latest