Connect with us

National

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തുടരും.
ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസിന്റെ രാജ്യസഭയിലെയും ലോക്‌സഭയിലെയും എം പിമാരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മന്‍മോഹന്‍ സിംഗാണ് യോഗത്തില്‍ സോണിയാ ഗന്ധിയുടെ പേര് നിര്‍ദേശിച്ചത്. കെ മുരളീധരനും ചത്തീസ്ഗഢില്‍ നിന്നുള്ള ഒരു അംഗവും പിന്താങ്ങുകയായിരുന്നു. മുഴുവന്‍ അംഗങ്ങളും ഐക്യത്തോടെ ഇത് അംഗീകരിക്കുകയായിരുന്നു.

ലോക്‌സഭിയിലെ കക്ഷിനേതാവിനെയും ചീഫ് വിപ്പിനെയും തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ അധികാരം യോഗം സോണിയാ ഗാന്ധിക്ക് കൈമാറി. സംയുക്ത പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷയായ സോണിയ അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ സോണിയ എടുക്കുന്ന തീരുമാനത്തെ പൂര്‍ണമായും അംഗീകരിച്ചേക്കും.

കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ച് ഇരു സഭകളിലെയും കക്ഷി നേതാവിനയെും ചീഫ് വിപ്പുമാരെയുമെല്ലാം തിരഞ്ഞെടുക്കുന്നത് പാര്‍ലിമെന്ററി പാര്‍ട്ടി അധ്യക്ഷയാണ്. രാജ്യസഭയില്‍ നിലവില്‍ കക്ഷിനേതാവും ചീഫ് വിപ്പും ഉണ്ട്. ലോക്‌സഭയിലെ കക്ഷിനേതാവിനെയും ചീഫ് വിപ്പിനെയും തൊട്ടുത്ത ദിവസങ്ങളിലായി സി പി പി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എം പി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. പ്രതിപക്ഷ നേതൃസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഇത്ര അംഗങ്ങള്‍ വേണമെന്നത് സാങ്കേതികത്വം മാത്രമാണ്. ചട്ടമല്ല-
കൊടിക്കുന്നില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ഗാന്ധി വാശിപിടിക്കുന്നതിനിടെയാണ് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം നടന്നത്.
രാഹുല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും ലോക്‌സഭയിലെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ലോക്‌സഭയില്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ നേരത്തെ അറിയിച്ചിട്ടുണ്ട്. ഈ സഹചര്യത്തില്‍ അദ്ദേഹത്തിന് തന്നെയാണ് മുന്‍ഗണന. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനം  സീറ്റ്‌നിലവെച്ച് കോണ്‍ഗ്രസിന് ലഭിക്കില്ല. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കാതിരുന്നപ്പോള്‍ രാഹുല്‍ നേതൃത്വം എറ്റെടുക്കാതെ മല്ലികാര്‍ജുന്‍ ഗാര്‍ഖയെ ലോക്‌സഭാ കക്ഷി നേതാവാക്കുകയായിരുന്നു. സമാന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് ശക്തമായ അവകാശവാദം ഉന്നയിക്കാന്‍ യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
രാഹുലിന് പകരം മറ്റാരെങ്കിലും  കോണ്‍ഗ്രസിന്റെ ലോക്‌സഭാ നായകനാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. രാഹുല്‍ മാറിയാല്‍ ശശി തരൂരിന്റെ പേരിനാണ് മുഖ്യ പരിഗണന. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ രാഹുല്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. എന്‍ സി പിയെ വീണ്ടും കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ നിരയിലെ മറ്റ് പ്രമുഖ നേതാക്കളുമായും രാഹുല്‍ ചര്‍ച്കള്‍ നടത്തുന്നുണ്ട്.

ഇന്ന് രാവിലെ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെയും ലോക്‌സഭയിലെയും മുഴുവന്‍ അംഗങ്ങളും സംബന്ധിച്ചു. അല്‍പ്പസമയത്തിനകം എം പിമാരുടെ ഫോട്ടോ സെഷന്‍ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം പിമാര്‍ സോണിയക്കും രാഹുലിനുമൊപ്പം ഫോട്ടോയെടുക്കും. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ സോണിയാ ഗാന്ധിയുമായി പ്രത്യേക കൂടിക്കാഴ്ചയും നടത്തി.