ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും വന്‍ കുറവെന്ന് ഓഡിറ്റിംഗ് റിപ്പോര്‍ട്ട്

Posted on: May 26, 2019 4:19 pm | Last updated: May 26, 2019 at 6:32 pm

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും വന്‍ കുറവ്. 40 കിലോ സ്വര്‍ണത്തിന്റെയും 100 കിലോ വെള്ളിയുടെയും കുറവുണ്ടെന്നാണ് ഓഡിറ്റിംഗില്‍ കണ്ടെത്തിയത്. 2017 മുതലുള്ള വഴിപാട് സാധനങ്ങളിലാണ് രേഖകലില്‍ വലിയ കുറവ്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗം നാളെ സ്‌ട്രോംഗ് റൂം തുറന്ന് പരിശോധന നടത്തും.

ഈ സ്വര്‍ണം രേഖകളില്ലെങ്കിലും സ്‌ട്രോംഗ് റൂമിലേക്ക് എത്തിയോ എന്നാണ് പരിശോധിക്കുക. നാളെ 12 മണിക്കാണ് സ്‌ട്രോംഗ് റൂം മഹസര്‍ പരിശോധിക്കുക.
ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്‌ട്രോംഗ് റൂം മഹസ്സര്‍ ആറന്മുളയിലാണ്. ഇവിടെ എത്തിയാകും പരിശോധന.

ഭക്തര്‍ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നല്‍കിയ 40 കിലോ സ്വര്‍ണം, 120 കിലോ വെള്ളി എന്നിവയാണ് സ്ട്രാംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.
വഴിപാടായി ഭക്തര്‍ ശബരിമല ക്ഷേത്രത്തിന് നല്‍കുന്ന സ്വര്‍ണത്തിന് മൂന്ന് എ രസീത് നല്‍കും. തുടന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടേയും അളവ് ശബരിമലയുടെ നാലാം നമ്പര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. ഇങ്ങനെ രേഖപ്പെടുത്തിയ സ്വര്‍ണം, വെള്ളി എന്നിവ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റുകയോ ശബരിമല ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താല്‍ അത് എട്ടാം കോളത്തില്‍ രേഖപ്പെടുത്തണം എന്നതാണ് വ്യവസ്ഥ.

എന്നാല്‍, 40 കിലോ സ്വര്‍ണത്തിന്റെ കാര്യം രേഖകളില്ല. നാളെ സ്‌ട്രോംഗ് റൂം തുറന്ന് മഹസര്‍ പരിശോധക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. സ്‌ട്രോംഗ് റൂം മഹസറില്‍ ഈ സ്വര്‍ണം എത്തിയതിന് രേഖയില്ലെങ്കില്‍ മാത്രമാകും സ്വര്‍ണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുക. സ്‌ട്രോംഗ് റൂം ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലാകും പരിശോധന.