ഇത് ഇന്ത്യയുടെ പുതിയ തുടക്കം;മികച്ച വിജയം ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു: മോദി

Posted on: May 25, 2019 7:25 pm | Last updated: May 26, 2019 at 11:31 am

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ തുടക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നു നരേന്ദ്ര മോദി. ലോകം മുഴുവന്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സൂക്ഷ്മമായി വീക്ഷിച്ചുവെന്നും ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തിയെന്നും മോദി പറഞ്ഞു. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

പുതിയ യാത്ര ഇവിടെ തുടങ്ങുകയാണ്. മികച്ച വിജയം ഉത്തരവാദിത്വം വര്‍ധിപ്പിക്കുകയാണ്. നിങ്ങളെല്ലാവരുമാണ് എന്നെ നേതാവാക്കിയത്. നിങ്ങളിലൊരാളാണു ഞാന്‍. നിങ്ങള്‍ക്കു തുല്യനാണെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പ് ജനങ്ങളെ വിഭജിക്കുമെന്നും അവര്‍ക്കിടയില്‍ മതിലുകള്‍ ഉയര്‍ത്തുമെന്നുമാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2019ലെ തിരഞ്ഞെടുപ്പ് മതിലുകള്‍ പൊളിക്കുന്നതായിരുന്നു.

നമ്മളെ വിശ്വസിച്ചവര്‍ക്കു വേണ്ടിയാണു നമ്മള്‍ ഇവിടെയെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വതയാര്‍ജിക്കുകയാണ്. എല്ലാ തടസ്സങ്ങളെയും എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ മറികടന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയെ വന്ദിച്ചശേഷമാണു നരേന്ദ്ര മോദി പ്രസംഗിക്കാനെത്തിയത്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ അനുഗ്രഹവും നരേന്ദ്ര മോദി തേടി. അനാവശ്യ പ്രസ്താവനകള്‍ പാടില്ലെന്ന് എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ മോദി മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്നും പറഞ്ഞു. സാധാരണക്കാര്‍ മോദിയെ വിശ്വസിച്ചുവെന്നതിന്റെ തെളിവാണു തിരഞ്ഞെടുപ്പ് വിജയം. നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ പാലിച്ചുവെന്നും യോഗത്തില്‍ സംബന്ധിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി