Connect with us

Ongoing News

വിയ്യൂർ സെൻട്രൽ ജയിലിൽ ടി വി ചാനലും സംപ്രേഷണം തുടങ്ങി

Published

|

Last Updated

തൃശൂർ:വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്ത്യയിൽ ആദ്യമായി ടി വി ചാനൽ സംപ്രേഷണം തുടങ്ങി. ജയിലുകളെ അന്തേവാസികൾക്കുള്ള പരിവർത്തന കേന്ദ്രമാക്കി മാറ്റി ആധുനികവത്കരണത്തിന് തുടക്കമിട്ടാണ് ചാനൽ സംപ്രേഷണം ആരംഭിച്ചത്.

ജയിൽ ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയി മാറിയ ഫ്രീഡം എന്ന പേരിൽ തന്നെയാണ് ചാനലും പ്രവർത്തിക്കുക. അവതാരകരും ഗായകരുമായി അന്തേവാസികൾ ചാനലുകളിലൂടെ തിളങ്ങും. ഇഷ്ടഗാനങ്ങൾ, തടവുകാർ നിർമിക്കുന്ന ഹ്രസ്വചിത്രങ്ങൾ, കോമഡി ഷോ, മിമിക്രി, ഡാൻസുകൾ എന്നിവയും കലാ മൂല്യമുള്ള സിനിമകളും ചാനൽ സംപ്രേഷണം ചെയ്യും. ജയിലിൽ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവയിൽ പരിശീലനം ലഭിച്ച അന്തേവാസികളേയും ഉൾപ്പെടുത്തിയാണ് ചാനൽ പ്രവർത്തിക്കുക.

ചാനലിൽ സംപ്രേക്ഷണം ചെയ്യാൻ ഉദ്ദേശിക്കുന്ന പരിപാടികൾ ഒരാഴ്ച മുമ്പേ ഷൂട്ട് ചെയ്ത് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കി സ്‌ക്രീനിംഗിനു ശേഷം അന്തേവാസികളെ പാർപ്പിച്ചിരിക്കുന്ന ബാരക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ടെലിവിഷനിലൂടെയാവുംസംപ്രേഷണം. ഇന്ത്യയിൽ ആദ്യമായി ജയിലിൽ നിന്ന് പ്രക്ഷേപണം തുടങ്ങിയ ഫ്രീഡം മെലഡി എന്ന റേഡിയോയും മികച്ച പരിപാടികളുമായി സജീവമാണ്. ഇതിന്റെ അവതാരകരും സാങ്കേതിക പ്രവർത്തകരുമൊക്കെ തടവുകാർ തന്നെയാണ്.

മികച്ച സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ആധുനിക രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം. ജയിലിലുള്ള എല്ലാ അന്തേവാസികൾക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും ഒരേ സമയം ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് റേഡിയോ പ്രക്ഷേപണം നടത്തുന്നത്. ജയിലുകളിൽ ആദ്യമായി രൂപം കൊണ്ട മ്യൂസിക് ബ്രാൻഡായ ഫ്രീഡം മെലഡിയും വിയ്യൂർ ജയിലിൽ നിന്നാണ്. ചടങ്ങിൽ ഡി ജി പി. ആർ ശ്രീലേഖ ചാനലിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇതോടൊപ്പം ജയിലിലെ ആധുനീക സൗകര്യങ്ങളോടെ സജ്ജമാക്കിയ പുതിയ പാചക ശാലയുടെയും, ജയിലിൽ കഴിയുന്നവരുടെയും, രാമവർമപുരം സർക്കാർ സ്‌കൂളിലെയും കുട്ടികൾക്കായി അന്തേവാസികൾ തുക സമാഹരിച്ച് വാങ്ങിയ ബാഗും പുസ്തകങ്ങൾ അടക്കമുള്ള പഠനോപകരണങ്ങളുടെ വിതരണവും ഡി ജി പി നിർവഹിച്ചു. പഠനത്തോടൊപ്പം പരിസ്ഥിതി സൗഹൃദമാക്കാൻ തടവുകാർ തന്നെ നിർമിച്ച വിത്തുപേനയാണ് പഠനോപകരണങ്ങൾക്കൊപ്പം നൽകിയത്. ജയിൽ ഐ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.