അഫ്ഗാനിലും പാക്കിസ്ഥാനിലും പള്ളികളിൽ സ്‌ഫോടനം

Posted on: May 24, 2019 10:33 pm | Last updated: May 25, 2019 at 12:34 pm
സ്ഫോടനത്തിൽ തകർന്ന ക്വറ്റയിലെ പള്ളിയിൽ പരിശോധന നടത്തുന്നവർ

കാബൂൾ/ഇസ്‌ലാമാബാദ്: ജുമുഅ നിസ്‌കാരത്തിനിടെ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പള്ളികളിൽ സ്‌ഫോടനം. സലഫി തീവ്രവാദികൾ ആസൂത്രണം ചെയ്ത സ്‌ഫോടനങ്ങളിൽ പള്ളി ഇമാം അടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ ക്വറ്റയിലും അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

കാബൂളിലെ അൽ തഖ്‌വ മസ്ജിദിൽ പള്ളി ഇമാമിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നത്. സലഫി തീവ്രവാദികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന മൗലവി സമിയുല്ലാഹ് റൈഹാനടക്കം രണ്ട് പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരിൽ പലരുടെയും നില ഗരുതരമാണ്. മരണ സംഖ്യ വർധിച്ചേക്കും. നിസ്‌കാരത്തിനും ഖുത്വുബ നിർവഹിക്കാനുമായി ഉപയോഗിക്കുന്ന മൈക്രോ ഫോണിനുള്ളിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, സലഫി തീവ്രവാദി ഗ്രൂപ്പുകളായ ഐ എസോ താലിബാനോ ആണ് സ്‌ഫോടനത്തിന്റെ ആസൂത്രകരെന്ന് പോലീസ് വൃത്തങ്ങൾ സൂചന നൽകി. സംഭവത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ മാസാദ്യം കാബൂളിലെ എൻ ജി ഒ ആസ്ഥാനത്ത് താലിബാൻ തീവ്രാവദികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.

പാക്കിസ്ഥാനിലെ ബലൂജ് പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദിയായ ചാവേറും കൊല്ലപ്പെട്ടിട്ടുണ്ടന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ 28 പേർക്ക് പരുക്കേറ്റു. റഹ്മാനിയ മസ്ജിദിൽ ജുമുഅ നിസ്‌കാരം തുടങ്ങുന്നതിന് മുമ്പായിരുന്നു സ്‌ഫോടനം. നിരന്തരം ആക്രമണം നടക്കുന്ന മേഖലയാണ് ക്വറ്റ.