എല്ലാം തകര്‍ന്ന് സി പി എം; ഒന്നും കിട്ടാതെ ബി ജെ പി

നരേന്ദ്ര മോദിക്കും ബി ജെ പിക്കും എതിരെ കേരളത്തില്‍ ആഞ്ഞടിച്ച തരംഗമാണ് കോണ്‍ഗ്രസിന് തുണയായതെന്ന് പറയാം. മതന്യൂനപക്ഷങ്ങളുടെ മനസില്‍ രൂപം കൊണ്ട ആശങ്ക കോണ്‍ഗ്രസനുകൂല വോട്ടായി മാറുകയായിരുന്നു. മലയാളികളുടെ സ്വാഭാവിക മതേതരത്വ മനസും കോണ്‍ഗ്രസിനനുകൂലമായി തന്നെയാണ് ചിന്തിച്ചത്. ഇതൊക്കെയും ചേര്‍ന്ന് ഒരു യു ഡി എഫ് തരംഗമായി മാറി കേരളമങ്ങോളമിങ്ങോളം ആഞ്ഞു വീശുകയായിരുന്നു. ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് വൈദഗ്ധ്യം മുതല്‍ ശബരിമലയില്‍ കണ്ട സുവര്‍ണാവസരം വരെയുള്ള ഘടകങ്ങള്‍ ഒന്നിപ്പിച്ച് ഇത്തവണ നാലഞ്ച് സീറ്റ് ലക്ഷ്യം വെച്ചാണ് ബി ജെ പി അരയും തലയും മുറുക്കി പോരിനിറങ്ങിയത്. പക്ഷേ, ശബരിമല ഉയര്‍ത്തിവിട്ട വികാരങ്ങളുടെ ഫലം മുഴുവന്‍ കോണ്‍ഗ്രസ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ വിജയം മതേതര കേരളത്തിന്റെ വിജയമാണ്. ഈ വിധിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമേ കേരളത്തിലെ ബി ജെ പി നേതൃത്വത്തിനും കഴിയുന്നുള്ളൂ. സി പി എം ആകട്ടെ, ദേശീയ പാര്‍ട്ടി എന്ന അംഗീകാരം പോലും കിട്ടാനാകാത്തവണ്ണം തകര്‍ന്നുപോയ അങ്കലാപ്പിലും.
Posted on: May 24, 2019 2:48 pm | Last updated: May 24, 2019 at 2:48 pm

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുകയാണ് കേരളത്തിലെ സി പി എം. കിട്ടുമെന്നുറപ്പായ സീറ്റുകളൊക്കെയും കൈവിട്ടുപോയി. തിരുവനന്തപുരം മുതല്‍ കാസര്‍കോട്ട് വരെ. ആകെ കിട്ടിയത് ആലപ്പുഴ മാത്രം. അതും നേരിയ ഭൂരിപക്ഷത്തിന്.

ശബരിമല വിവാദത്തെ വലിയൊരു സുവര്‍ണാവസരമായി കണ്ട് വന്‍ കൊയ്ത്ത് നടത്താനിറങ്ങിയ ബി ജെ പിക്ക് ഒരു സീറ്റും കിട്ടിയില്ല. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ കോണ്‍ഗ്രസിലെ ശശി തരൂരിന് താഴെ രണ്ടാം സ്ഥാനത്തെത്തി എന്നതൊഴിച്ചാല്‍ കേരളത്തിലെ എല്ലാ സീറ്റുകളിലും എന്‍ ഡി എ സ്ഥാനാര്‍ഥികള്‍ എത്തിയത് മൂന്നാം സ്ഥാനത്ത് മാത്രം.

കോണ്‍ഗ്രസിനാകട്ടെ 2019 സമ്മാനിച്ചത് ചരിത്ര വിജയവും. ഇരുപതില്‍ 19 സീറ്റ്. ജയിച്ചതൊക്കെയും മഹാഭൂരിപക്ഷത്തോടെയും. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, കോഴിക്കോട്ട് എം കെ രാഘവന്‍, വടകരയില്‍ കെ മുരളീധരന്‍, തലസ്ഥാനത്ത് ശശി തരൂര്‍ എന്നിങ്ങനെ കോണ്‍ഗ്രസിന്റെ മാനം കാത്ത സ്ഥാനാര്‍ഥികള്‍. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഏറെ ശ്രമിച്ചുവെങ്കിലും കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത് 17 കോണ്‍ഗ്രസുകാര്‍.

അത്ര വലിയ പ്രതീക്ഷയോടെയായിരുന്നില്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങിയത്. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതില്‍ പോലും പതിവു പോലെ ഏറെ കാലതാമസമുണ്ടായി. ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട്, വടകര തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ചൊല്ലി അനിശ്ചിതത്വം പതിനൊന്നാം മണിക്കൂറിലേക്കും നീണ്ടു. അവസാനം രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമെന്നുറപ്പായതോടെയാണ് കാര്യങ്ങള്‍ക്ക് വേഗതയേറിയത്.

പാലക്കാട് സി പി എമ്മിലെ എം ബി രാജേഷ് ഉറപ്പായും വിജയിക്കുമെന്ന് കോണ്‍ഗ്രസുകാര്‍ പോലും കണക്കാക്കിയിരുന്നിടത്ത് വി കെ ശ്രീകണ്ഠന്‍ പ്രതീക്ഷിക്കാത്ത ഭൂരിപക്ഷത്തോടെ ജയിച്ചു കയറി. സി പി എമ്മിന്റെ ഉറച്ച കോട്ടയായ ആലത്തൂരില്‍ യുവ നേതാവ് രമ്യ ഹരിദാസ് ഇടിച്ചുകയറി നേടിയ നേട്ടത്തിനും തിളക്കമേറെ. പ്രീ പോള്‍ സര്‍വേകളും പോസ്റ്റ് പോള്‍ സര്‍വേകളും ഒരു പോലെ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ വിജയിച്ച് ബി ജെ പിക്ക് അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചപ്പോള്‍ ശശി തരൂര്‍ പരിഭ്രമിച്ചതാണ്. ശബരിമലയുടെ പേരില്‍ നായര്‍ വോട്ടുകള്‍ കുമ്മനത്തിന് മറിയുമെന്നും സംസാരമുണ്ടായി.

പക്ഷേ, കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ വിജയം കണ്ട തരൂരിന്റെ പ്രകടനത്തിന് ഏറെ നിറപ്പകിട്ടുണ്ട്.
അപ്പുറത്ത് അതിദയനീയമായി സി പി എമ്മിന്റെ കൂട്ടത്തോല്‍വി. ആലപ്പുഴയില്‍ എ എം ആരിഫൊഴികെ ആര്‍ക്കും വിജയിക്കാനായില്ല. 2011ല്‍ പശ്ചിമബംഗാളിലെ സി പി എം മമതാ ബാനര്‍ജിയോട് ഏറ്റുമുട്ടിയാണ് പരാജയപ്പെട്ടത്. അവിടെ ഇനിയും തലപൊക്കാന്‍ സി പി എമ്മിനായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയിലും സി പി എം തോറ്റുപുറത്തായി. ഇവിടെ പരാജയപ്പെട്ടത് ബി ജെ പിയോടായിരുന്നു. ഇതാ ഇവിടെ കേരളത്തില്‍ കോണ്‍ഗ്രസിനോട് ദയനീയമായി പരാജയപ്പെട്ട് സി പി എമ്മും സഖ്യകക്ഷികളും.

നരേന്ദ്ര മോദിക്കും ബി ജെ പിക്കും എതിരെ കേരളത്തില്‍ ആഞ്ഞടിച്ച തരംഗമാണ് കോണ്‍ഗ്രസിന് തുണയായതെന്ന് പറയാം. മതന്യൂനപക്ഷങ്ങളുടെ മനസില്‍ രൂപം കൊണ്ട ആശങ്ക കോണ്‍ഗ്രസനുകൂല വോട്ടായി മാറുകയായിരുന്നു. മലയാളികളുടെ സ്വാഭാവിക മതേതരത്വ മനസും കോണ്‍ഗ്രസിനനുകൂലമായി തന്നെയാണ് ചിന്തിച്ചത്.

ഇതൊക്കെയും ചേര്‍ന്ന് ഒരു യു ഡി എഫ് തരംഗമായി മാറി കേരളമങ്ങോളമിങ്ങോളം ആഞ്ഞു വീശുകയായിരുന്നു.
ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ സോഷ്യല്‍ എന്‍ജിനീയറിംഗ് വൈദഗ്ധ്യം മുതല്‍ ശബരിമലയില്‍ കണ്ട സുവര്‍ണാവസരം വരെയുള്ള ഘടകങ്ങള്‍ ഒന്നിപ്പിച്ച് ഇത്തവണ നാലഞ്ച് സീറ്റ് ലക്ഷ്യം വെച്ചാണ് ബി ജെ പി അരയും തലയും മുറുക്കി പോരിനിറങ്ങിയത്. പ്രചാരണ രംഗത്ത് ശബരിമലയും വിശ്വാസവും മാത്രമായിരുന്നു വിഷയം. പക്ഷേ, ശബരിമല ഉയര്‍ത്തിവിട്ട വികാരങ്ങളുടെ ഫലം മുഴുവന്‍ കോണ്‍ഗ്രസ് തട്ടിക്കൊണ്ടു പോകുകയായിരുന്നു. യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന്റെ വിജയം മതേതര കേരളത്തിന്റെ വിജയമാണ്.

മോദിക്കെതിരായ ശക്തമായ വിധിയെഴുത്തുമാണ്. ഈ വിധിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമേ കേരളത്തിലെ ബി ജെ പി നേതൃത്വത്തിനും കഴിയുന്നുള്ളൂ. സി പി എം ആകട്ടെ, ദേശീയ പാര്‍ട്ടി എന്ന അംഗീകാരം പോലും കിട്ടാനാകാത്തവണ്ണം തകര്‍ന്നുപോയ അങ്കലാപ്പിലും. ലോക്‌സഭയില്‍ സി പി എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശബ്ദം തീരെ നേര്‍ത്തതാകും.