Connect with us

Articles

കോണ്‍ഗ്രസ് തോറ്റുപോയതെന്തുകൊണ്ടെന്നാല്‍

Published

|

Last Updated

രാജ്യം നേരിട്ട അതിനിര്‍ണായക തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ദയനീയ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാന ഘടകമായത് വിവിധ സംസ്ഥാനങ്ങളില്‍ ബി ജെ പിയെ നേരിടാന്‍ ശക്തമായ കൂട്ടുകെട്ട് ഉണ്ടാക്കുന്നതില്‍ നേരിട്ട പരാജയമാണെന്ന് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഒപ്പം രാജ്യസുരക്ഷ മുന്‍ നിര്‍ത്തിയുള്ള ബി ജെ പിയുടെ പ്രചാരണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസിനെ മോദിക്കെതിരെ തിരിച്ചുവിടുകയെന്ന ബി ജെ പി തന്ത്രത്തില്‍ കോണ്‍ഗ്രസ് വീണുപോയതും പരാജയത്തിന് ആക്കം കൂട്ടി.

രാജ്യത്തെ ആകെ വരുന്ന 543 ലോക്‌സഭാ സീറ്റില്‍ 249 വരുന്ന ഉത്തര്‍പ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ബി ജെ പിയുടെ മുന്നേറ്റം തടയാന്‍ ശക്തമായ കൂട്ടുകെട്ടുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതില്‍ മഹാരാഷ്ട്രയിലും ബീഹാറിലും യു പി എ സംവിധാനമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണയുണ്ടായിരുന്ന സീറ്റുകള്‍ നിലനിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ മുന്നണിക്ക് കഴിഞ്ഞില്ല. എന്നാല്‍ താരതമ്യേന കോണ്‍ഗ്രസ് ദുര്‍ബലമായ തമിഴ്‌നാട്ടില്‍ മാത്രമാണ് മുന്നണി സംവിധാനത്തില്‍ യു പി എക്ക് നേട്ടമുണ്ടായത്. ഇതില്‍ തന്നെ കോണ്‍ഗ്രസിന് ഒറ്റയക്ക സീറ്റാണ് ലഭിച്ചത്. 80 സീറ്റുവരുന്ന ഉത്തര്‍പ്രദേശില്‍ മഹാഗഡ് ബന്ധന്‍ സഖ്യത്തോട് പുറം തിരിഞ്ഞും പശ്ചിമബംഗാളില്‍ സി പി എമ്മുമായി ഏറെക്കുറെയെത്തിയ ധാരണ പൊളിച്ചും പരാജയത്തിന് വഴിയൊരുക്കുകയായിരുന്നു.

ഇതിന് പുറമെ ആം ആദ്മിയുമായുള്ള സഖ്യം തകര്‍ത്തത് വഴി ഡല്‍ഹിയും ഹരിയാനയും ഛത്തീസ്ഗഡും ബി ജെ പി തൂത്തുവാരുന്നതിലേക്കെത്തിച്ചു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ എ എ പി-കോണ്‍ഗ്രസ് കൂട്ടുകെട്ട് സീറ്റുവിഭജനത്തിലെ പ്രശ്‌നം പരിഹരിച്ചെങ്കിലും ഹരിയാനയിലും ഛത്തീസ്ഗഡിലും സഖ്യം വേണമെന്ന എ എ പിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് നിരാകരിക്കുകയായിരുന്നു. നിലവില്‍ ഡല്‍ഹി, ഹരിയാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ വീഴ്ച എടുത്തുകാണിക്കുന്നുണ്ട്. അതേസമയം, സഖ്യമുണ്ടായിട്ടും നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്ന ബീഹാറിലും സീറ്റ് വിഭജനത്തിലെ വിട്ടുവീഴ്ചയില്ലായ്മ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ട്.

ഇതിന് പുറമെ പൊതുതിരഞ്ഞെടുപ്പില്‍ വ്യക്തമായ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും പരാജയപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ന്യായ് പദ്ധതി കൊണ്ടുവന്നെങ്കിലും ഇത് പ്രചരിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. പ്രചാരണത്തിന്റെ ആദ്യ പകുതി പിന്നിട്ട ശേഷം കോണ്‍ഗ്രസ് ഒരിടത്തും ഇതേകുറിച്ച് സംസാരിച്ചിരുന്നില്ല. അതേസമയം, എന്‍ ഡി എ തങ്ങള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ആവിഷ്‌കരിച്ച തന്ത്രങ്ങളില്‍ കോണ്‍ഗ്രസ് വീണുപോയ കാഴ്ചയാണ് രാജ്യം കണ്ടത്. നോട്ടുനിരോധനവും സമ്പദ്ഘടനയുടെ തകര്‍ച്ചയും മറച്ചുവെക്കാന്‍ ബി ജെ പി ഉയര്‍ത്തിയ രാജ്യസുരക്ഷാ നാടകങ്ങളിലും രാജീവ് ഗാന്ധിയുള്‍പ്പെടെ മരിച്ച നേതാക്കളെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങളിലും കോണ്‍ഗ്രസിനെ തളച്ചിടുന്നതില്‍ വിജയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ പോലുള്ള ഒരു ശക്തിയെ നേരിടുമ്പോള്‍ ആവശ്യമായ തന്ത്രങ്ങള്‍ സ്വീകരിക്കുന്നതിലും തിരഞ്ഞെടുപ്പ് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നതിലും സംഭവിച്ച വീഴ്ചക്ക് കോണ്‍ഗ്രസ് വലിയ വിലയാണ് നല്‍കേണ്ടി വന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest