Connect with us

Editorial

തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാടു മാറ്റം

Published

|

Last Updated

പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന സ്ഥലങ്ങളില്‍ സര്‍വേ നടത്താന്‍ നീതി ആയോഗിനെ ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനും നീതി ആയോഗിനും ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുകയാണത്രെ. കമ്മീഷന്റെ ചില തീരുമാനങ്ങളില്‍ കമ്മീഷന്‍ അംഗം അശോക് ലവാസ എതിര്‍പ്പ് രേഖപ്പെടുത്തുകയും തന്റെ വിയോജിപ്പുകള്‍ യോഗ മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുഖ്യ കമ്മീഷണര്‍ അതിന് വിമുഖത കാണിച്ചതോടെ ഇനി മുതല്‍ കമ്മീഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയില്ലെന്നു കാണിച്ച് അശോക് ലവാസ കത്ത് നല്‍കിയതാണ് മുഖ്യ കമ്മീഷണര്‍ അറോറയുടെ നിലപാടില്‍ അയവു വരാന്‍ ഇടയാക്കിയത്. തീരുമാനങ്ങളില്‍ വിയോജിക്കാന്‍ തനിക്ക് അവകാശമുണ്ട്. ആ വിയോജിപ്പ് രേഖപ്പെടുത്തുകയും വേണം. അതിന് സന്നദ്ധമല്ലെങ്കില്‍ കമ്മീഷനിലെ തന്റെ പങ്കാളിത്തം നിരര്‍ഥകമാണെന്നു കത്തില്‍ അശോക് ലവാസ ചൂണ്ടിക്കാട്ടുന്നു. ഈ മാസം നാലിനാണ് ലവാസ കത്ത് നല്‍കിയത്.

ഗോണ്ടിയ, വര്‍ധ, ലത്തൂര്‍ എന്നിവിടങ്ങളിലെ മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് മുമ്പെ ഈ പ്രദേശങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നീതി ആയോഗിനെ ദുരുപയോഗം ചെയ്തത്. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിക്കളയുകയായിരുന്നു. നീതി ആയോഗിനെ സംബന്ധിച്ച പരാതിയില്‍ കഴമ്പില്ലെന്ന് കമ്മീഷന്‍ കണ്ടെത്തിയെന്നാണ് മെയ് 12ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സന്ദീപ് സക്‌സേനയുടെ വിശദീകരണം. ഇതുസംബന്ധിച്ച് നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്തിനോട് വിശദീകരണം ചോദിക്കണമെന്ന് കമ്മീഷന്‍ യോഗത്തില്‍ ലവാസ ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. പരാതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കാതെ എങ്ങനെയാണ് അതില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതെന്നാണ് ലവാസയുടെ മറുചോദ്യം. മഹാരാഷ്ട്രയിലെ ലത്തൂരിലും കര്‍ണാടകയിലെ ചിത്രദുര്‍ഗയിലും ഗുജറാത്തിലെ പത്താനിലും മോദി നടത്തിയ പ്രസംഗങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയിലും ബംഗാളില്‍ പ്രചാരണ സമയം വെട്ടിക്കുറച്ചതിലും ലവാസ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സമീപ കാലത്തെ തിര. കമ്മീഷന്റെ നിര്‍ണായക തീരുമാനങ്ങളേറെയും ഏകകണ്ഠമായല്ല, ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് കൈക്കൊണ്ടത്.

കമ്മീഷന്‍ യോഗത്തിലുണ്ടായ ഭിന്നത വാര്‍ത്താ മാധ്യമങ്ങളില്‍ വന്നതോടെ കമ്മീഷന്റെ പ്രതിച്ഛായ തകരുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മോദി വിധേയത്വം വ്യാപകമായ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും പക്ഷപാതിയായ കമ്മീഷണര്‍ എന്ന ദുഷ്‌പേരും അറോറക്ക് ചാര്‍ത്തപ്പെട്ടു കഴിഞ്ഞു. ഇതോടെ മുഖം മിനുക്കാനായിരിക്കണം നിലപാട് പുനഃപരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായത്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം മാറ്റി കമ്മീഷന്‍ നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് സുനില്‍ അറോറ അശോക് ലവാസക്ക് രണ്ട് കത്തുകള്‍ നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളില്‍ വിയോജിപ്പുകള്‍ ഇതാദ്യമല്ലെങ്കിലും അത് രൂക്ഷമാകുകയും കമ്മീഷന്റെ വിശ്വാസ്യതയെ ബാധിക്കും വിധം മറനീക്കി പുറത്തു വരികയും ചെയ്തത് നടാടെയാണ്.

അതേസയമം, കമ്മീഷനകത്ത് വെടിനിര്‍ത്തല്‍ നടപ്പാക്കിയതു കൊണ്ടോ പ്രധാനമന്ത്രിയുടെ ഓഫീസ് നീതി ആയോഗിനെ ദുരുപയോഗം ചെയ്ത നടപടി മാത്രം പുനഃപരിശോധിച്ചത് കൊണ്ടോ കമ്മീഷന് മുഖം രക്ഷിക്കാനാകില്ല. രാജ്യത്തെ ഹൈന്ദവ വിശ്വാസികളെ സ്വാധീനിക്കാനായി മോദി നടത്തിയ കേദാര്‍നാഥ് സന്ദര്‍ശനത്തെക്കുറിച്ച് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളെല്ലാം പുനഃപരിശോധനക്ക് വിധേയമാക്കണം. എന്നിട്ട് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തേണ്ടതുമുണ്ട്. മെയ് 17ന് അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നതും ഗുഹക്കുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലിരുന്ന് ധ്യാനിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതും. മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിലെ ഓരോ നിമിഷവും മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. അവിടെ അദ്ദേഹം മാധ്യമങ്ങളെയും ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ വിശ്വാസികളെയും കണ്ടു സംസാരിച്ചു.

കേദാര്‍നാഥ് പുനരുദ്ധാരണത്തിനു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന പ്രഖ്യാപനവും നടത്തി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആസൂത്രിതമായി തയ്യാറാക്കിയ നാടകമാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ കേദാര്‍നാഥ്, ബദ്രിനാഥ് സന്ദര്‍ശനത്തിന് മോദിക്ക് അനുമതി നല്‍കിയ തിര. കമ്മീഷന്‍ നടപടിയും ശരിയായില്ലെന്നു വിലയിരുത്തപ്പെടുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ ഭരണ, പ്രതിപക്ഷ ഭേദമന്യേ എല്ലാ കക്ഷികളെയും രാഷ്ട്രീയ നേതാക്കളെയും ഒരേ കണ്ണോടെയാണ് കമ്മീഷന്‍ കാണേണ്ടത്. ഇത്തവണ പക്ഷേ, മോദിക്കും അമിത് ഷാക്കും ഒരു നിയമവും പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും വേറെ നിയമവുമെന്ന നിലയിലായിരുന്നു കമ്മീഷന്റെ നീക്കങ്ങള്‍. കമ്മീഷന്‍ അംഗം അശോക് ലവാസ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുമായി ഇടയേണ്ടി വന്നത് ഇതുകൊണ്ടാണ്.

മറ്റു പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ തുടര്‍ച്ചയായി പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ആറ് കേസുകളില്‍ തുടരെത്തുടരെ കമ്മീഷന്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.

Latest