കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതിനാല്‍ ബിജെപിക്ക് ഇതുവരെ ഒരു സീറ്റും നേടാനായില്ല: ഉദിത് രാജ്

Posted on: May 20, 2019 8:05 pm | Last updated: May 21, 2019 at 9:37 am

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതിനാല്‍ ബിജെപിക്ക് ഇതുവരെ അവിടെ ഒരു സീറ്റും നേടാനായില്ലെന്ന് ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ ഉദിത് രാജ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിറകെയാണ് ഉദിത് രാജ് ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.

കേരളത്തില്‍ യുഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും നല്‍കുന്ന സൂചന. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ ബിജെപി എംപിയായ ഉദിത് രാജ് ഏപ്രിലിലാണ് കോണ്‍ഗ്രസിലെത്തിയത്. 2014ലാണ് ഉദിത് രാജിന്റെ പാര്‍ട്ടിയായ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ആംആദ്മി പാര്‍ട്ടിയിലെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തോളം വോട്ടുകള്‍ക്കാണ് 2014ല്‍ ഉദിത് രാജ് പരാജയപ്പെടുത്തിയത്.