Connect with us

National

യു പി മന്ത്രി ഓംപ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

ലക്‌നൗ: യു പിയിലെ പിന്നാക്കക്ഷേമ വിഭാഗം മന്ത്രി ഓംപ്രകാശ് രാജ്ഭറിനെ മന്ത്രിസഭയില്‍ നിന്ന് ഗവര്‍ണര്‍ രാം നായിക് പുറത്താക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യ പ്രകാരമാണിത്. വിവിധ കമ്മീഷനുകളില്‍ മന്ത്രിതല പദവികള്‍ വഹിക്കുന്ന സര്‍ക്കാര്‍ സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അഞ്ചു നേതാക്കളെയും പുറത്താക്കിയിട്ടുണ്ട്.

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബി ജെ പിയില്‍ നിന്ന് അകന്നു കഴിയുന്ന രാജ്ഭര്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ അധ്യക്ഷനാണ്. 2017ല്‍ മന്ത്രിസഭയിലെത്തിയ അദ്ദേഹം ഒരു വര്‍ഷത്തോളമായി മുഖ്യമന്ത്രിയുടെ നയങ്ങളെയും നിലപാടുകളെയും പരസ്യമായി വിമര്‍ശിച്ചു വരികയായിരുന്നു.

ഏപ്രില്‍ 13നു തന്നെ താന്‍ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്ഭര്‍ പറഞ്ഞു. തന്നെ പുറത്താക്കാന്‍ കാണിച്ച തിടുക്കം പാവപ്പെട്ട കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നതുള്‍പ്പടെയുള്ള തന്റെ ആവശ്യങ്ങളില്‍ കാണിച്ചിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോവുകയാണ്. ബി ജെ പിയെ തുറന്നുകാണിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിമുതല്‍ നടത്തുകയെന്നും രാജ്ഭര്‍ വ്യക്തമാക്കി.

രാജ്ഭര്‍ സമുദായത്തെ ഐക്യപ്പെടുത്താനും പിന്നാക്ക വിഭാഗങ്ങളെയും ദളിതന്മാരെയും ബി ജെ പി വഞ്ചിച്ചതിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest