സജ മേല്‍പാലം തുറന്നു; ഗതാഗതക്കുരുക്കിന് ശമനം

Posted on: May 19, 2019 8:54 pm | Last updated: May 19, 2019 at 8:54 pm

ഷാര്‍ജ: സജയിലെ വലിയ മേല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. സിമന്റ് ഫാക്ടറിക്ക് സമീപം ദൈദ് റോഡിലാണ് പാലം. സജ, ജുവൈസ എന്നിവിടങ്ങളിലേയും സമീപ പ്രദേശങ്ങളിലെയും ഗതാഗതം ഇതോടെ കൂടുതല്‍ സുഗമമാകും. പഴയ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിര്‍മിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പാലത്തില്‍ ഒറ്റവരി പാതയായിരുന്നു.

പുതിയ പാലം രണ്ടുവരി പാതയാണ്. സജ ഉള്‍പെടെയുള്ള വ്യവസായ മേഖലയിലേക്കുള്ള യാത്ര പഴയ പാലം വഴിയായിരുന്നു. കാലപ്പഴക്കം മൂലം പാലത്തിലെ യാത്രയും ക്ലേശകരമായിരുന്നു. പുതിയ പാലത്തിന് അനുബന്ധമായി അപ്രോച്ച് റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ജുവൈസ മരുഭൂമിയിലൂടെയാണ് പുതിയ പാതകള്‍. ഇതുവഴി ദൈദ് ഉള്‍പെടെയുള്ള കിഴക്കന്‍ മേഥലകളിലേക്ക് യാത്ര ചെയ്യാം.