തിരുമുണ്ടി-പള്ളിക്കുന്ന് ജുമുഅ മസ്ജിദ്; കിഴക്കന്‍ ഏറനാടിന് ആത്മീയ ചൈതന്യം പകര്‍ന്ന പള്ളി

റമസാന്‍ നിലാവ്‌
Posted on: May 19, 2019 11:25 am | Last updated: May 19, 2019 at 11:27 am
പുതുക്കിപ്പണിത തിരുമുണ്ടി പള്ളിക്കുന്ന് ജുമുഅ മസ്ജിദ്

നിലമ്പൂര്‍: കാര്‍ഷികാഭിവൃദ്ധിയുടെയും കാനന ഭംഗിയുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും കഥ പറയുന്ന കിഴക്കനേറിനാടിന് ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കിയ പള്ളികളില്‍ പ്രധാനപ്പെട്ടതാണ് തിരുമുണ്ടി-പള്ളിക്കുന്ന് ജുമുഅ മസ്ജിദ്.

നൂറ്റാണ്ടുകളുടെ ചരിത്രം അയവിറക്കുന്ന കിഴക്കനേറനാട്ടിലെ മറ്റനേകം പള്ളികള്‍ നവീനവാദികള്‍ തട്ടിയെടുത്തെങ്കിലും പുത്തനാശയങ്ങള്‍ക്ക് കാര്യമായ വേരുറപ്പിക്കാന്‍ കഴിയാത്തതിനാല്‍ തിരുമുണ്ടി-പള്ളിക്കുന്ന് പള്ളി ഇന്നും യഥാര്‍ഥ ഇസ്‌ലാമിക വിശ്വാസാചാരങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള പള്ളി പല ഘട്ടങ്ങളിലായി പുതുക്കി പണിതു. ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസങ്ങള്‍ സ്വീകരിക്കുന്ന സുന്നികളുടെ ഐക്യവും തിരുമുണ്ടി മഹല്ലില്‍ ദൃശ്യമാണ്. നവീകരിച്ച പള്ളിയുടെ ഉദ്ഘാടനം കഴിഞ്ഞ ഏപ്രില്‍14 ന് കാന്തപുരം ഉസ്താദും പാണക്കാട് ഹാഷിറലി ശിഹാബ് തങ്ങളും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
കരുളായി -അമരമ്പലം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തിരുമുണ്ടി ഗ്രാമം ഒരുകാലത്ത് വലിയ ജനവാസ കേന്ദ്രമായിരുന്നു. മലബാര്‍ സമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സേനയുടെ മുസ്‌ലിംവേട്ടയും മലബാര്‍ സമരാനന്തരകാലത്തെ ദാരിദ്ര്യവും പില്‍ക്കാലത്ത് തിരുമുണ്ടിയെ ജനക്കുറവുള്ള ഗ്രാമമാക്കി മാറ്റി. മലബാര്‍ സമര കാലഘട്ടത്തില്‍ നിരവധിപേര്‍ ഇവിടെനിന്നും നാടുവിട്ടതായി പറയപ്പെടുന്നു. ജനവാസം കുറഞ്ഞെങ്കിലും തിരുമുണ്ടി ജുമുഅ മസ്ജിദ് ദേശത്തിന്റെ പൈതൃകം കാത്ത് സൂക്ഷിച്ചു. പ്രദേശവാസികള്‍ ആ ആത്മീയ ഗേഹത്തിന്റെ പ്രഭ ആവോളം അനുഭവിക്കുകയും ചെയ്തു.

അമരമ്പലം, കരുളായി, മൂത്തേടം, എടക്കര പ്രദേശങ്ങളെല്ലാം ഉള്‍പ്പെടുന്ന വിശാലമായ മഹല്ലായിരുന്നു തിരുമുണ്ടി. കിലോമീറ്ററുകള്‍ ദൂരെ നിന്ന് ഇവിടേക്ക് ജനാസ കൊണ്ടുവന്നിരുന്നതായി പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. ഇസ്‌ലാമിക പാഠശാലകളുടെ പ്രഭവ കേന്ദ്രമായ പള്ളി-ദര്‍സ് സംവിധാനം തിരുമുണ്ടിയില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നുവരികയാണ്. സാത്വികരായ നിരവധി പണ്ഡിതന്‍മാരാണ് തിരുമുണ്ടി പള്ളിയില്‍ ദര്‍സിനും മറ്റു പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. നിരവധി പണ്ഡിത ശ്രേഷ്ഠരെ സമൂഹത്തിന് നല്‍കാനും ഈ ആത്മീയ ഭവനത്തിനായി.

ദീര്‍ഘകാലം ഇവിടെ സേവനം ചെയ്ത ശൈഖ് കുഞ്ഞാലിഹാജിയാണ് തിരുമുണ്ടി പള്ളിയുടെ ആത്മീയ സൗരഭ്യം. മഹാനുഭാവന്റെ ഉപദേശങ്ങളും ആത്മീയ ചികിത്സയുമായിരുന്നു ഒരുകാലത്ത് ദേശത്തിന്റെ ആശ്വാസം. ജാതി-മത ദേതമന്യേ എല്ലാവരുടെയും ആശാകേന്ദ്രമായിരുന്നു കുഞ്ഞാലി ഹാജി. മഹാന്‍ വിടപറഞ്ഞിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും പ്രദേശവാസികളുടെ ആശ്രയം ഇന്നും കുഞ്ഞാലിഹാജിയാണ്.തിരുമുണ്ടി പള്ളി ഖബറിസ്ഥാനിലുള്ള ശൈഖ് കുഞ്ഞാലി ഹാജിയുടെ മഖ്ബറ സിയാറത്ത് ചെയ്യാന്‍ നിരവധിപേരാണ് എത്തുന്നത്. റബീഉല്‍ അവ്വല്‍ നാലിന് കുഞ്ഞാലിഹാജിയുടെ ആണ്ട് നേര്‍ച്ചയും പള്ളിയില്‍ നടന്നു വരുന്നുണ്ട്.

കെ സൈനുദ്ദീന്‍