Connect with us

Business

കുരുമുളക് അവധി വ്യാപാരം ഈ മാസം 20 മുതൽ

Published

|

Last Updated

കൊച്ചി: ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ച് ലിമിറ്റഡ് (ഐ സി ഇ എക്സ്) കുരുമുളക് അവധി വ്യാപാരം 20 മുതൽ പുനരാരംഭിക്കും. വ്യാപാരികൾ, ഇടനിലക്കാർ തുടങ്ങിയവരുമായുള്ള ചർച്ചകൾക്ക് ശേഷം പൊതുവിപണിയിലെ ഗുണനിലവാര മാനദണ്ഡം അടിസ്ഥാനമാക്കി ഒരുക്കിയ, പരിഷ്‌കരിച്ച കോൺട്രാക്ടുമായാണ് കുരുമുളക് വ്യാപാരം ഐ സി ഇ എക്സ് പുനരാരംഭിക്കുന്നത്. 550 ഗ്രാം/ലിറ്റർ പ്രകാരമായിരിക്കും വ്യാപാരം. ഇതുവരെ പിന്തുടർന്നിരുന്നത് ഉത്പാദന ലൊക്കേഷൻ വ്യക്തമാക്കുന്ന “എം ജി1” ആയിരുന്നു.

രാജ്യത്തെ മറ്റൊരു കമ്മോഡിറ്റി എക്സ്ചേഞ്ചിലും ഈ മാനദണ്ഡ പ്രകാരമുള്ള കോൺട്രാക്ട് ലഭ്യമല്ല. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും സാമ്പത്തികമായും ഏറെ ഗുണം ചെയ്യുന്ന കോൺട്രാക്ടാണിത്. ജൂലൈ, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അവസാനിക്കുന്ന മൂന്ന് കോൺട്രാക്ടുകളാണ് ഐ സി ഇ എക്സ് അവതരിപ്പിക്കുന്നത്. ഒരു മെട്രിക് ടണ്ണാണ് വ്യാപാരത്തിനുള്ള അളവായി(ലോട്ട് സൈസ്) നിശ്ചയിച്ചിരിക്കുന്നത്. എറണാകുളം കടവന്ത്രയിലാണ് സംഭരണ ശാല.
ഒട്ടേറെ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് കുരുമുളക് അവധി വ്യാപാരം ഐ സി ഇ എക്സ് പുനരാരംഭിക്കുന്നത്. “എം ജി1″ന് പകരം 550 ഗ്രാം/ലിറ്റർ തൂക്കം അടിസ്ഥാനമാക്കിയുള്ള പുതിയ കോൺട്രാക്ട് വിപണിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

ഇന്ത്യയിൽ ഏകദേശം 3,000 കോടി രൂപയുടെ കുരുമുളക് വ്യാപാരമാണ് പ്രതിവർഷം പൊതുവിപണിയിൽ നടക്കുന്നത്. പുതിയ മാനദണ്ഡ പ്രകാരമുള്ള അവധി വ്യാപാരം ഉത്പന്നത്തിന്റെ വിലയിൽ സ്ഥിരത ഉറപ്പാക്കുമെന്നും ഇത് കർഷകനും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും നേട്ടമാകുമെന്നുമാണ് വിലയിരുത്തുന്നത്.

Latest