ഡോക്‌ടറുടെ അനാസ്ഥ: എയ്ഡ്‌സ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു

Posted on: May 18, 2019 7:14 am | Last updated: May 18, 2019 at 1:15 pm
എച്ച് ഐ വി പരിശോധനക്കായി സിന്ധിലെ ലാബിന് മുന്പിലെത്തിയവർ

ഇസ്‌ലാമാബാദ്: ഒരു സിറിഞ്ച് കൊണ്ട് കുത്തിവെപ്പെടുത്തതുമൂലം പാക്കിസ്ഥാനിൽ എച്ച് ഐ വി ബാധിതരായവരുടെ എണ്ണം 500 കവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അധികൃതർ. സിന്ധ് പ്രവിശ്യയിലെ പ്രാന്തപ്രദേശമായ ലർക്കാനയിലാണ് 400 കുട്ടികൾ ഉൾപ്പെടെ 500 ഓളം പേർക്ക് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കണ്ടെത്തിയത്.

ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് ലാർക്കാനയിലുളള 16,000 പേരെ എച്ച് ഐ വി പരിശോധനക്ക് വിധേയമാക്കിയിരുന്നെന്നും അങ്ങനെയാണ് ഈ വിവരങ്ങൾ പുറത്തുവന്നതെന്നും സിന്ധ് പ്രവിശ്യയിലെ എയ്ഡ്‌സ് കൺട്രോൾ പ്രോഗ്രാം തലവൻ സിക്കന്ദർ മേമൻ പറഞ്ഞു.

എയ്ഡ്‌സ് ബാധിതരിൽ 60 ശതമാനവും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. പത്ത് വയസ്സുള്ള മകന് എച്ച് ഐ വി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയപ്പോൾ തകർന്നു പോയെന്ന് കുട്ടിയുടെ അമ്മ റഹ്മത്ത് ബീബി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. നാല് വയസ്സുള്ള മകൾക്ക് എയ്ഡ്‌സ് ബാധിച്ചതറിഞ്ഞ മാതാവ് പൊട്ടിക്കരഞ്ഞു. ഒരു വീട്ടിൽ തന്നെ ഒന്നിലധികം കുട്ടികൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വ്യാപകമായ പ്രതിഷേധമാണ് രാജ്യമൊട്ടുക്കും അലയടിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ആക്ഷേപമുണ്ട്. സിന്ധ് പ്രവിശ്യയിൽ മാത്രം രണ്ട് ലക്ഷത്തിലധികം വ്യാജ ഡോക്ടർമാരാണ് ചികിത്സ നൽകുന്നതെന്നാണ് റിപ്പോർട്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇവർ ഒരു സിറിഞ്ച് തന്നെ നിരവധി പേരെ കുത്തിവെക്കാൻ ഉപയോഗിച്ചതാണ് എച്ച് ഐ വി പടർന്നുപിടിക്കാൻ കാരണമായതെന്ന് സിക്കന്ദർ മേമൻ പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡോ. മുസാഫർ ഖാൻഖാരോക്ക് എച്ച് ഐ വി ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. അറിഞ്ഞുകൊണ്ട് എച്ച് ഐ വി വൈറസ് കുത്തിവെച്ചുവെന്ന ആരോപണം ഡോക്ടർ നിഷേധിച്ചിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.